-->
ഇന്ന് ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ഉയര്‍ന്ന ശമ്പളവും മെച്ചപ്പെട്ട ജീവിത നിലവാരവുമാണ് ഇതിനുള്ള പ്രധാന കാരണമായി ആളുകള്‍ പറയുന്നത്. ഇതില്‍ കൂടുതല്‍ ആളുകള്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളോടണ് കൂടുതല്‍ താത്പര്യം. എന്നാല്‍ അതേ യൂറോപ്പിലെ ജര്‍മനിയില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയിരിക്കുകയാണ് ഇവിടെ ഈ ദമ്പതിമാര്‍. ഇന്ത്യന്‍ യുവാവായ ദീപേഷ് പട്ടേലും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയും ജര്‍മന്‍ സ്വദേശിയുമായ ജൂലിയാ ഹാര്‍ട്മാനുമാണ് ഇന്ത്യയിലേക്ക് കുടിയേറിയത്. അതിന് ഇരുവര്‍ക്കും കൃത്യമായ കാരണവുമുണ്ട്.
ഇന്‍സ്റ്റഗ്രാമിലാണ് തങ്ങള്‍ എന്തുകൊണ്ടാണ് ഒരുപാട് പേര്‍ കൊതിക്കുന്ന ജര്‍മന്‍ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മാറിയതെന്ന് വിശദീകരിച്ചുകൊണ്ട് ദീപേഷും ജൂലിയയും വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഞങ്ങള്‍ എന്തുകൊണ്ട് ജര്‍മനി വിട്ട് ഇന്ത്യയിലേക്ക് മാറി?' എന്ന് അവര്‍ വീഡിയോയ്‌ക്കെക്കൊപ്പം കുറിച്ചിരുന്നു. ജര്‍മന്‍ ജീവിതത്തെ കുറിച്ചുള്ള പരാതികളല്ല 4 ദള്‍ മാറാന്‍ കാരണമെന്ന് ഇരുവരും പറയുന്നു. മറിച്ച് ജര്‍മനിയില്‍ ജീവിക്കുമ്പോള്‍ ലഭിക്കുന്ന സുഖവും സൗകര്യങ്ങളുമാണ് തങ്ങളെ ഇന്ത്യയിലേക്ക് മാറാന്‍ പ്രേരിപ്പിച്ചത്. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാവുന്ന ഇക്കാര്യത്തിന് കൃത്യമായ വിശദീകരണം ഇരുവരും തുടര്‍ന്ന് നല്‍കുന്നുണ്ട്.
'തണുത്ത കാലാവസ്ഥയോ കര്‍ശനമായ ബ്യൂറോക്രസിയോ കാരണമല്ല ഞങ്ങള്‍ ജര്‍മനി വിട്ടത്. വൈരുധ്യമായിരിക്കാം, പക്ഷേ, വളരെയധികം സുഖം നിറഞ്ഞ ജീവിതമാണ് ഞങ്ങള്‍ ജര്‍മനി വിടാന്‍ കാരണം. ജര്‍മനി ഞങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരത, സാമൂഹ്യസുരക്ഷ, അനായാസമായ ജീവിതം തുടങ്ങിയവയെല്ലാം നല്‍കി. പക്ഷേ കാലം കടന്ന് പോകവെ ഞങ്ങള്‍ 'ഓട്ടോപൈലറ്റി'ല്‍ ഓടുന്ന യന്ത്രങ്ങളെ പോലെയായി. ദിവസങ്ങള്‍ ആവര്‍ത്തനവിരസമായി. ഞങ്ങള്‍ വൃത്തത്തിലൂടെ നീങ്ങുന്നതായി തോന്നി.'ദീപേഷും ജൂലിയയും പറഞ്ഞു
ജീവിതത്തില്‍ എന്തെങ്കിലും വെല്ലുവിളി വേണമെന്ന് ആഗ്രഹിക്കുന്നവരാണ് തങ്ങള്‍. സ്ഥിരം പതിവുകള്‍ക്കും സുഖസൗകര്യങ്ങള്‍ക്കും പുറമെ എന്തെങ്കിലും ചെയ്യണമെന്ന് ഒരുഘട്ടത്തില്‍ തങ്ങള്‍ക്ക് തോന്നി. ഒരു വെല്ലുവിളി, വളരാനുള്ള അവസരം, എന്തെങ്കിലും സൃഷ്ടിക്കാനുള്ള അവസരമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് തിരിച്ചറിഞ്ഞു. ദമ്പതിമാര്‍ തുടര്‍ന്നു. പ്രവചനാതീതവും ഊര്‍ജസ്വലവുമായ ഇന്ത്യയുടെ അന്തരീക്ഷം തങ്ങളെ ഏറെ ആകര്‍ഷിച്ചു. ഇന്ത്യ തങ്ങള്‍ക്ക് വളരാനും സര്‍ഗാത്മകത പ്രകടിപ്പിക്കാനുമുള്ള അവസരം നല്‍കുന്നു. ഇന്ത്യയുടെ ആഴത്തിലുള്ള പാരമ്പര്യവും മഹത്തായ സംസ്‌കാരവുമെല്ലാം അതിനുള്ള ഇടം നല്‍കുന്നു. പിന്നീട് പശ്ചാതപിക്കേണ്ടിവരുമോ എന്ന ശങ്കയുണ്ടായെങ്കിലും ആ തീരുമാനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ദീപേഷും ജൂലിയയും പറഞ്ഞു.