-->
വ്യത്യസ്തതയുണര്‍ത്തുന്ന അനേകായിരം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അഞ്ച് ലക്ഷം രൂപയില്‍ താഴെ സമ്പാന്യമുള്ളവര്‍ ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഒരു യുവതി പങ്കുവച്ച വീഡിയോയാണ് വന്‍ ചര്‍ച്ചയാകുന്നത്. പ്രിയ യാദവ് എന്ന യുവതിയാണ് വീഡിമയാ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ സമ്പാദ്യം വര്‍ധിപ്പിക്കുന്നതുവരെ അനാവശ്യ ചെലവുകള്‍ ഒഴിവാക്കണമെന്നാണ് യുവതി ഉപദേശിക്കുന്നത്.
ഷോപ്പിംഗ്, യാത്രകള്‍, പുറത്തുനിന്നുള്ള കാപ്പി കുടി, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയ വിനോദങ്ങള്‍ക്കായി പണം കളയരുതെന്ന് പ്രിയ പറയുന്നു. പകരം ആ സമയം പുതിയ കാര്യങ്ങള്‍ പഠിക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനുമുള്ള വഴികള്‍ കണ്ടെത്താനും ഉപയോഗിക്കണം. അറിവില്ലായ്മയല്ല, മറിച്ച് പരിശ്രമമില്ലായ്മയാണ് പലരെയും പിന്നിലാക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. 'നിങ്ങള്‍ ഷോപ്പിങ് നടത്തരുത്. അവധിക്കാലം ചെലവഴിക്കരുത്. ഡേറ്റിങ്ങിനു പോകരുത്. എല്ലാദിവസവും കാപ്പി കുടിക്കരുത്. നെറ്റ്ഫ്‌ലിക്‌സില്‍ സമയം ചെലവഴിക്കരുത്. ഇതിനെല്ലാമുള്ള സമ്പാദ്യം ഉണ്ടാകുന്നതു വരെ നിങ്ങള്‍ ഇതൊന്നും ചെയ്യരുത്.' യുവതി വിഡിയോയില്‍ പറയുന്നു.
'നിങ്ങള്‍ക്ക് സൗജന്യമായി നല്ല കോഴ്‌സുകള്‍ പഠിക്കാം. ആഗോളതലത്തില്‍ തന്നെ ജോലിസാധ്യതകള്‍ വര്‍ധിച്ചു. ഇന്ന് എല്ലാം നമ്മുടെ വിരല്‍ത്തുമ്പിലുണ്ട്. അറിവില്ലായ്മയാണ് പ്രശ്‌നമെന്നു കരുതി വെറുതെയിരിക്കും. എന്നാല്‍ നമ്മള്‍ ശ്രമിച്ചാലേ നമുക്ക് സമ്പാദിക്കാന്‍ കഴിയൂ.' യുവതി വ്യക്തമാക്കി. നിങ്ങള്‍ക്ക് 5ലക്ഷം രൂപ സമ്പാദ്യമില്ലെങ്കില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും പ്രിയ യാദവ് കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയ്ക്ക് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. കരിയറിന്റെ തുടക്കത്തില്‍ കഠിനാധ്വാനം ചെയ്യണമെന്ന പ്രിയയുടെ നിലപാടിനെ പലരും പിന്തുണയ്ക്കുമ്പോള്‍, ജീവിതം ആസ്വദിക്കണ്ടേ എന്ന് ചോദിക്കുന്നവരും കുറവല്ല. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സ്വയം നിയന്ത്രണം വേണമെന്ന സന്ദേശമാണ് ഈ വീഡിയോ നല്‍കുന്നത്.