-->
മാഡ്രിഡ്: അര്‍ജന്റീനയുടെ സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസിയുടെ ബാഴ്‌സലോണയിലേക്കുള്ള മടങ്ങി വരവ് തടഞ്ഞത് ക്ലബ് പ്രസിഡന്റ് ജോണ്‍ ലാപ്പോട്ട.
മുന്‍ കോച്ചും താരവുമായിരുന്ന സാവി ഹെര്‍ണാണ്ടസാണു പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മെസിയുമായുള്ള അസ്വാരസ്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണു ലാപ്പോട്ട മടങ്ങി വരവ് തടഞ്ഞത്. 2021 ലാണു മെസി ഏറെനാള്‍ കളിച്ച ബാഴ്‌സ വിട്ട് ഫ്രാന്‍സിലെ പാരീസ് സെയിന്റ് ജെര്‍മെയ്‌നിലെത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം യു.എസിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിയിലൂമെത്തി. അര്‍ജന്റീനയ്‌ക്ക് ലോകകപ്പ് നേടിക്കൊടുരത്ത ശേഷമാണു മെസി ബാഴ്‌സയിലേക്കു മടങ്ങാനുള്ള താല്‍പര്യം അറിയിച്ചത്. 2023 ജനുവരിയില്‍ ചര്‍ച്ചകള്‍ നടത്തിയെന്നും ഒരു സ്‌പാനിഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ സാവി പറഞ്ഞു. പി.എസ്.ജിയിലെ കാലഘട്ടത്തിന് ശേഷം മെസി കരിയറിലെ അടുത്ത പടി തേടുകയായിരുന്നു. ഈ കാലയളവില്‍ സാവി ബാഴ്‌സയുടെ മുഖ്യ കോച്ചായിരുന്നു. ബാഴ്‌സയില്‍ തിരിച്ചെത്തുന്നതില്‍ മെസി ആവേശഭരിതനുമായിരുന്നു. പിന്നീട് നടന്നതെന്താണെന്ന് അറിയില്ലെന്നും ക്ലബ് പ്രസിഡന്റ് ലാപ്പോട്ട സത്യം പറയുന്നില്ലെന്നും സാവി ആരോപിച്ചു.
ലാപ്പോട്ട ലിയോയുടെ പിതാവുമായി കരാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. സ്‌പാനിഷ് ലാ ലിഗ അനുമതി നല്‍കുകയും ചെയ്‌തു. പക്ഷേ പിന്മാറിയത് പ്രസിഡന്റാണ്. താരം തിരിച്ചുവന്നാല്‍ ''വേതന യുദ്ധ''മുണ്ടാകുമെന്നും അത് താങ്ങാന്‍ കഴിയില്ലെന്നും ലാപ്പോട്ട പറഞ്ഞു. മെസിയോ ലാ ലിഗയോ പണം ചോദിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും സാവി പറഞ്ഞു. ബാഴ്‌സയും മെസിയും തമ്മിലുള്ള എന്തും പരിഹരിക്കാന്‍ തയാറാണെന്നായിരുന്നു ലാപ്പോട്ട അവകാശപ്പെട്ടത്. തിരിച്ചുവരവ് പരാജയപ്പെട്ടതോടെ മെസി 2023 ല്‍ ഇന്റര്‍ മയാമിയില്‍ ചേര്‍ന്നു. അദ്ദേഹം അമേരിക്കന്‍ ടീമിനെ ലീഗ്‌സ് കപ്പ്, സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് എന്നിവ നേടാന്‍ സഹായിച്ചു.