-->
കൊച്ചി: താനും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും കേരളത്തില്‍ ഒരു ബിസിനസ് പോലും നടത്തുന്നില്ലെന്നും പിന്നെങ്ങിനെയാണ് ബിജെപിയ്ക്ക് അധികാരം കിട്ടിയാല്‍ തങ്ങളുടെ ബിസിനസ് വളര്‍ത്തുകയെന്ന് ട്വന്റി20 നേതാവ് സാബു ജേക്കബ്. ഇരുവരും കേരളരാഷ്ട്രീയം പിടിക്കാന്‍ ശക്തമായി രംഗത്ത് ഇറങ്ങുന്നത് ഭരണസ്വാധീനം ഉപയോഗിച്ച് ബിസിനസ് വളര്‍ത്താനാണെന്ന വിമര്‍ശനത്തിന് ഒരു അഭിമുഖത്തിലാണ് സാബുജേക്കബിന്റെ മറുപടി. കേരളത്തില്‍ ബിസിനസ് ചെയ്യാത്തവര്‍ക്ക് സംസ്ഥാന ഭരണം കിട്ടിയാല്‍ ബിസിനസ് എങ്ങിനെ വളര്‍ത്താനാകുമെന്ന് വിമര്‍ശിക്കുന്നവര്‍ വ്യക്തമാക്കണമെന്നും ഇതെല്ലാം രാഷ്ട്രീയക്കാര്‍ തെറ്റിദ്ധാരണ പരത്തി വളച്ചൊടിക്കുന്നതാണെന്നും പറഞ്ഞു.
ഞാന്‍ കേരളത്തില്‍ നിന്നും ബിസിനസ് തെലുങ്കാനയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. 2015 മുതല്‍ 11 വര്‍ഷമായി കേരളത്തില്‍ ഒരു രൂപ പോലൂം നിക്ഷേപിച്ചിട്ടില്ല. ഒരു ചതുരശ്ര അടി പോലും കൂട്ടിച്ചേര്‍ത്തിട്ടുമില്ല. ഇനി അതൊട്ട് ചെയ്യാനും പോകുന്നില്ല. അങ്ങിനെയുള്ളപ്പോള്‍ സംസ്ഥാനഭരണം കിട്ടിയാല്‍ എങ്ങിനെ ബിസിനസ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും ചോദിച്ചു. രാജീവ് ചന്ദ്രശേഖറിന് കേരളത്തില്‍ എന്ത് ബിസിനസാണ് ഉള്ളത്. അദ്ദേഹത്തിന് സംസ്ഥാനഭരണം കിട്ടിയാല്‍ എന്തു ബിസിനസാണ് ചെയ്യാന്‍ പോകുന്നതെന്ന് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് പറയാനാകണം.
കേരളത്തിലെ ഭരണം ബിജെപിയ്ക്ക് കിട്ടിയാല്‍ സാബു ജേക്കബിന് എന്താണ് നേട്ടം. രണ്ടുപേരെയും പറ്റി ഇവിടുത്തെ ജനങ്ങള്‍ക്കറിയാം. സംസ്ഥാനഭരണമെന്നല്ല കേന്ദ്രഭരണം കിട്ടിയാലും ഞാനായിട്ടോ എന്റെ പിതാവായിട്ടോ ഇത്രയൂം സ്വാധീനം ഉണ്ടായിട്ടും ഒരു രൂപയുടെ പോലും ആനുകൂല്യം പറ്റിയിട്ടില്ല.
സിപിഐ, സിപിഐഎം, കോണ്‍ഗ്രസ് തുടങ്ങിയ എല്ലാ നേതാക്കളുമായും പിതാവിന്റെ കാലത്ത് അടുത്ത ബന്ധമുണ്ടായിരുന്നു. പലരും കുടുംബസുഹൃത്തുക്കള്‍ പോലുമായിരുന്നു. കെ.എം.മാണി, ടി.എം. ജേക്കബ്, ഒ. രാജഗോപാല്‍, പി.കെ. വാസുദേവന്‍ തുടങ്ങി വിവിധ രാഷ്ട്രീയപാര്‍ട്ടികളിലെ അനേകം നേതാക്കന്മാരിലും പിതാവിന് നല്ല സ്വാധീനം ഉണ്ടായിരുന്നു. പലരും കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു. എന്നിട്ടും ഇതുവരെ ഒരു രൂപയുടെ സാമ്പത്തീക ലാഭമേയാ സര്‍ക്കാര്‍ തലത്തില്‍ ആനുകൂല്യമോ പറ്റാത്ത വ്യവസായികള്‍ ഞങ്ങളാണ്.