-->
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനെ ഇന്ത്യന്‍ ടീമില്‍നിന്നു പുറത്തിരുത്തുന്നതിനെക്കുറിച്ച് ബി.സി.സി.ഐ. ചര്‍ച്ച നടത്തിയിരുന്നതായി സെലക് ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍.
2012 സമയത്തു ബി.സി.സി.ഐ. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു പാട്ടീല്‍. ''എന്താണു നിങ്ങളുടെ പ്ലാന്‍ ? കമ്മിറ്റി നിങ്ങള്‍ക്കു പകരക്കാരനെ തേടുകയാണ് എന്നു അദ്ദേഹത്തോടു ചോദിച്ചു. സച്ചിന്‍ ഞെട്ടിപ്പോയി. കാര്യമായിട്ടാണോ പറയുന്നതെന്നു സച്ചിന്‍ ചോദിച്ചു. അതെയെന്ന മറുപടി നല്‍കി.'' പാട്ടീല്‍ വ്യക്‌തമാക്കി. ''സെലക്‌ടര്‍മാര്‍ക്ക് ഒരു താരത്തെ പുറത്താക്കാം. പക്ഷേ കരിയര്‍ അവസാനിപ്പിക്കണമെന്നു പറയാന്‍ സാധിക്കില്ല. തുടരാനാണു താല്‍പര്യമെന്നു സച്ചിന്‍ പറഞ്ഞു. ഞങ്ങള്‍ അതു ശരിവച്ചു.''- പാട്ടീല്‍ തുടര്‍ന്നു. ഇംഗ്ലണ്ടിനെതിരേ പരമ്പര നഷ്‌ടപ്പെട്ട ശേഷം ഒരു ഹോട്ടല്‍ മുറിയില്‍ വച്ചായിരുന്നു സച്ചിനുമായി കൂടിക്കാഴ്‌ചയുണ്ടായതെന്നു സന്ദീപ് പാട്ടീല്‍ ക്രിക്കറ്റോപിയയ്‌ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്ന താരമായാണു സച്ചിന്‍ 24 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിച്ചത്. 2013 നവംബറില്‍ വെസ്‌റ്റിന്‍ഡീസിനെതിരേയാണ് ഒടുവില്‍ കളിച്ചത്.
സച്ചിന്റെ വിരമിക്കലിന്റെ പേരിലാണ് തന്റെ പ്രവര്‍ത്തന കാലം അറിയപ്പെടുന്നതെന്നും പാട്ടീല്‍ പറഞ്ഞു. ''ആളുകള്‍ക്ക് എന്തിനാണ് ഇത്ര ദേഷ്യമെന്നു മനസിലാകും. പക്ഷേ മുഹമ്മദ് ഷമി, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അജിന്‍ക്യ രഹാനെ എന്നിവരെല്ലാം ഈ കാലത്താണ് ടീമിലെത്തിയത്. 1984 നു ശേഷം ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടിനോടു നാട്ടില്‍ ടെസ്‌റ്റ് പരമ്പര കൈവിട്ട ശേഷമായിരുന്നു സച്ചിനുമായി സംഭാഷണമുണ്ടായത്. അഹമ്മദാബാദില്‍ നടന്ന ഒന്നാം ടെസ്‌റ്റ് ജയിച്ച ശേഷമാണ് ഇന്ത്യ പരമ്പര കൈവിട്ടത്. 2012 ല്‍ സച്ചിന്‍ കരിയറിലെ വിഷമം പിടിച്ച ഘട്ടത്തിലായിരുന്നു. കരിയറില്‍ ആകെ 48.52 ശരാശരിയുണ്ടായിരുന്ന സച്ചിന് ആ വര്‍ഷം 26.88 ശരാശരിയിയലാണു റണ്ണെടുക്കാനായത്. ഇംഗ്ലണ്ടിനെതിരേ നാല് ടെസ്‌റ്റുകളിലായി 112 റണ്ണെടുക്കാനെ മാസ്‌റ്റര്‍ ബ്ലാസ്‌റ്ററിനു കഴിഞ്ഞുള്ളു.