Friday, March 13, 2026 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.33 PM

മെസിക്ക്‌ കാത്തിരിപ്പ്‌

നാഷ്‌വിലെ (ടെന്നസീ): നാഷ്‌വിലെയ്‌ക്കെതിരേ നടന്ന കോണ്‍കാകാഫ്‌ ചാമ്പ്യന്‍സ്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇന്റര്‍ മയാമിക്ക്‌ ഗോള്‍രഹിത സമനില. നാഷ്‌വിലെയുടെ സ്വന്തം തട്ടകമായ ജിയോഡിസ്‌ പാര്‍ക്കിലായിരുന്നു ഒന്നാംപാദ പ്രീ ക്വാര്‍ട്ടര്‍.
രണ്ടാംപാദ മത്സരം 19 ന്‌ ഇന്റര്‍ മയാമിയുടെ തട്ടകമായ ചേസ്‌ സ്‌റ്റേഡിയത്തിലാണ്‌. മത്സരത്തിന്റെ 59 ശതമാനം സമയത്തും പന്ത്‌ കൈവശം വച്ചെങ്കിലും ഷാവിയര്‍ മഷ്രാനോയുടെ ശിഷ്യന്‍മാര്‍ക്കു ഗോളടിക്കാനായില്ല. നാഷ്‌വിലെ 11 ഷോട്ടുകളും ഇന്റര്‍ അഞ്ച്‌ ഷോട്ടുകളാണു പായിച്ചത്‌്. സൂപ്പര്‍ താരം ലയണല്‍ മെസിക്ക്‌ അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഗോളാക്കാനായില്ല. റോഡ്രിഗോ ഡി പോളിന്റെ ഷോട്ട്‌ നാഷ്‌വിലെ ഗോള്‍ കീപ്പര്‍ ബ്രയാന്‍ സ്‌ക്വാക്‌ തടുത്തിട്ടു.
സൂപ്പര്‍ താരത്തിന്റെ റീബൗണ്ട്‌ ലക്ഷ്യത്തിലെത്തിയില്ല. 900 കരിയര്‍ ഗോളുകളെന്ന ചരിത്ര നേട്ടത്തിലിടം നേടാന്‍ മെസിക്ക്‌ ഇനിയും കാത്തിരിക്കണം. നിലവില്‍ കരിയറില്‍ 899 ഗോളുകളാണ്‌ താരം അടിച്ചിട്ടത്‌്. ഒരു ഗോള്‍ അകലെ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെയാണു മെസി മറികടക്കുക.
ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 900 ഗോളുകളടിക്കുന്ന താരമെന്ന നേട്ടമാണു മെസിയെ കാത്തിരിക്കുന്നത്‌. 1238 മത്സരങ്ങളില്‍ നിന്നാണു ക്രിസ്‌റ്റ്യാനോ 900 ഗോളുകളടിച്ചത്‌. പോര്‍ചുഗല്‍ ദേശീയ ടീം, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌, റയാല്‍ മാഡ്രിഡ്‌, യുവന്റസ്‌, അല്‍ നസര്‍ തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടി ഗോളടിച്ചാണു ക്രിസ്‌റ്റ്യാനോ ഈ നേട്ടത്തിലെത്തിയത്‌.
മെസി 1141 മത്സരങ്ങളില്‍ നിന്നാണ്‌ 899 ഗോളുകളടിച്ചത്‌. ഡി.സി. യുണൈറ്റഡിനെതിരേ ശനിയാഴ്‌ച നടന്ന മേജര്‍ ലീഗ്‌ സോക്കര്‍ മത്സരത്തില്‍ ഗോളടിച്ചതോടെയാണ്‌ മെസി 899 ലെത്തിയത്‌. മെസിയുടെ മയാമിക്കായുള്ള 80-ാം ഗോള്‍ കൂടിയായിരുന്നു അത്‌. 15 ന്‌ ഷാര്‍ലെറ്റിനെതിരെയാണ്‌ ഇന്റര്‍ മയാമിയുടെ മേജര്‍ ലീഗ്‌ സോക്കറിലെ അടുത്ത മത്സരം. ബാങ്ക്‌ ഓഫ്‌ അമേരിക്ക സ്‌റ്റേഡിയത്തിലാണു മത്സരം.

Ads by Google
Thursday 12 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW