-->
മാഡ്രിഡ്: മുന്‍ ചാമ്പ്യന്‍ മാഞ്ചസ്‌റ്റര്‍ സിറ്റിക്കെതിരേ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഒന്നാംപാദ പ്രീ ക്വാര്‍ട്ടറില്‍ റയാല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം.
സ്വന്തം തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ നടന്ന മത്സരത്തില്‍ റയാല്‍ 3-0 ത്തിനു ജയിച്ചു. യുറുഗ്വേക്കാരന്‍ ഫെഡറിക് വാല്‍വര്‍ദെയുടെ കരിയറിലെ ആദ്യ ഹാട്രിക്കാണു മത്സരത്തിന്റെ സവിശേഷത. മൂന്ന് ഗോളുകളും ഒന്നാം പകുതിയിലാണു പിറന്നത്. ഹാട്രിക് തികച്ച താരം സിറ്റിക്ക് ഒരു അവസരം പോലും നല്‍കിയില്ല. 20, 27, 42 മിനിറ്റുകളിലായിരുന്നു ഹാട്രിക് തികച്ചത്. 20-ാം മിനിറ്റില്‍ റയാല്‍ ഗോള്‍ കീപ്പര്‍ തിബൗത്ത് കോര്‍ട്ടോസിന്റെ മിന്നല്‍ വേഗത്തിലുള്ള ത്രോ വരുതിയിലാക്കിയ വാല്‍വര്‍ദെ സിറ്റിയുടെ കാവല്‍ക്കാരന്‍ ഇറ്റലിയുടെ ജിയാന്‍ലൂജി ഡൊന്നരുമയെ അനായാസം മറികടന്നു. അതുവരെ സിറ്റിക്കായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. ഏഴ് മിനിറ്റിന് ശേഷം 25 വാര അകലനിന്നു തൊടുത്ത ഇടങ്കാലനടിയും സിറ്റി വലയില്‍ കയറി. വിനീഷ്യസ് ജൂനിയര്‍ എത്തിച്ചു നല്‍കിയ പന്തിനെയാണു വാല്‍വര്‍ദെ ഗോളാക്കിയത്. 42-ാം മിനിറ്റില്‍ ബ്രാഹിം ഡയസിന്റെ സഹായത്തോടെ വാല്‍വര്‍ദെ ഹാട്രിക് പൂര്‍ത്തിയാക്കി. രണ്ടാം പകുതിയില്‍ റയാല്‍ ആക്രണത്തിന്റെ മൂര്‍ച്ച കുറച്ചു. 57-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടാനുള്ള അവസരമെത്തി. വിനീഷ്യസിനെ പെനാല്‍റ്റി ബോക്‌സില്‍ ഡൊന്നതൂമ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. സിറ്റി ഗോള്‍ കീപ്പറിന് മഞ്ഞക്കാര്‍ഡും കാണിച്ചു. വിനീഷ്യസിന്റെ സ്‌പോട്ട് കിക്കിനെ ഡൊന്നരൂമ തടുത്തിട്ടു.
ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം സീസണിലാണ് റയാലും സിറ്റിയും നോക്കൗട്ടില്‍ പരസ്‌പരം ഏറ്റുമുട്ടുന്നത്. പത്ത് തവണ ഏറ്റുമുട്ടിയപ്പോള്‍ ഏഴിലും റയാലിനായിരുന്നു ജയം. 18 ന് സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് രണ്ടാം പാദം. സിറ്റി കോച്ച് പെപ് ഗാഡിയോള ഏര്‍ലിങ് ഹാളണ്ടിനെയും സെമന്യോയെയും മുന്നില്‍ നിര്‍ത്തിയ 4-1-3-2 ഫോര്‍മേഷനാണു താല്‍പര്യപ്പെട്ടത്.
റയാല്‍ കോച്ച് അര്‍ബെയോല വിനീഷ്യസ് ജൂനിയറിനെയും ബ്രാഹിം ഡിയാസിനെയും മുന്നില്‍ നിര്‍ത്തിയ 4-4-2 ഫോര്‍മേഷനാണു താല്‍പര്യപ്പെട്ടത്.
തോല്‍വിയോടെ ഒരു നാണക്കേടും സിറ്റി കോച്ച് പെപ് ഗാഡിയോള കുറിച്ചു. റയാല്‍ മാഡ്രിഡിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ തോല്‍വി വഴങ്ങുന്ന കോച്ചെന്ന ''ഖ്യാതി''യാണ് പെപ് ഗാഡിയോള സ്വന്തമാക്കിയത്. അദ്ദേഹം റയാല്‍ മാഡ്രിഡിനോട് ആറ് തവണ തോറ്റു. 16 മത്സരങ്ങളിലാണ് അദ്ദേഹം വിവിധ ടീമുകള്‍ക്കൊപ്പം റയാലിനെ നേരിട്ടത്. ടൂര്‍ണമെന്റില്‍ നാല് തവണ ഗാഡിയോളയുടെ ടീമുകള്‍ സമനിലയും വഴങ്ങി.
മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ പാരീസ് സെയിന്റ് ജെര്‍മെയ്‌ന്‍ 5-2 നു ചെല്‍സിയെ തോല്‍പ്പിച്ചു. സ്വന്തം തട്ടകമായ പാര്‍ക് ഡി പ്രിന്‍സസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പി.എസ്.ജിക്കായി ക്വാറാക്ഷിയ രണ്ട് ഗോളുകളും ബാര്‍കോള, ഒസുമാനെ ഡെംബലെ, വിറ്റിഞ്ഞ എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. ചെല്‍സിക്കായി മാര്‍ക് ഗുസ്‌തോ, ഏണസ്‌റ്റ് ഫെര്‍ണാണ്ടസ് എന്നിവര്‍ ഗോളടിച്ചു. പന്തടക്കത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. പി.എസ്.ജി. കോച്ച് ലൂയിസ് എന്റികെ്വ 4-3-3 ഫോര്‍മേഷനും ചെല്‍സി കോച്ച് റോസെനീര്‍ ജോയ പെഡ്രോയെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനിലും കളിപ്പിച്ചു.