Friday, March 13, 2026 Last Updated 22 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.33 PM

40-ാം വയസില്‍ മെക്‌സിക്കന്‍ ടീമിലേക്ക്‌

മെക്‌സിക്കോ സിറ്റി: ഇതിഹാസ ഗോള്‍ കീപ്പര്‍ ഗുലിര്‍മോ ഒചോവെ ചരിത്രത്തിലെ ആറാം ഫുട്‌ബോള്‍ ലോകകപ്പ്‌ കളിക്കാനൊരുങ്ങുന്നു. ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ എയ്‌ഞ്ചല്‍ മലാഗന്‌ ഉപ്പൂറ്റിക്ക്‌ ഗുരുതര പരുക്കേറ്റതോടെയാണ്‌ മെക്‌സിക്കോ ഒച്ചോവയെ തിരിച്ചു വിളിക്കാനൊരുങ്ങുന്നത്‌.
മലാഗന്റെ പരുക്ക്‌ ഭേദമാകാന്‍ ആറ്‌ മാസമെങ്കിലും വേണ്ടി വരുമെന്നാണു ഡോക്‌ടര്‍മാരുടെ വിലയിരുത്തല്‍. 40 വയസുകാരനായ ഒച്ചോവയെ സാധ്യതാ ടീമില്‍ പോലും പരിഗണിച്ചിരുന്നില്ല. 2014, 2018 ലോകകപ്പുകളിലെ ഒച്ചോവയുടെ സേവുകള്‍ ഏറെ ആരാധകരെ സൃഷ്‌ടിച്ചിരുന്നു. മെക്‌സിക്കന്‍ ഫുട്‌ബോളിലെ മികച്ച താരങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ്‌ ഒച്ചോവ. സൈപ്രിയോറ്റ്‌ ലീഗിലാണു വെറ്ററന്‍ താരം ഇപ്പോള്‍ കളിക്കുന്നത്‌. വമ്പന്‍ ക്ലബുകളുടെ പിന്നാലെ പോകാതിരുന്നതില്‍ ഏറെനാള്‍ കളത്തിനു പുറത്തിരുന്ന ചരിത്രവും ഒച്ചോവയ്‌ക്കുണ്ട്‌. കളിക്കാന്‍ അവസരം ലഭിച്ചാല്‍ ലയണല്‍ മെസി, ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്കൊപ്പം മെക്‌സിക്കന്‍ ഗോള്‍ കീപ്പറുടെ പേരും ഇടംപിടിക്കും.
ക്ലബ്‌ അമേരിക്ക താരമായ എയ്‌ഞ്ചല്‍ മലാഗന്‌ ഫിലാഡല്‍ഫിയ യൂണിയനെതിരേ നടന്ന കോണ്‍കാകാഫ്‌ ചാമ്പ്യന്‍സ്‌ കപ്പിനിടെയാണു പരുക്കേറ്റത്‌. പോസ്‌റ്റിന്‌ അടുത്തെത്തിയ പന്തിനെ മലാഗന്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു. പന്തില്‍ അബദ്ധത്തില്‍ തട്ടിയ ഗോള്‍ കീപ്പര്‍ തെന്നി വീണു. ഇടത്‌ കാലിന്റെ ഉപ്പൂറ്റിക്ക്‌ പൊട്ടലുണ്ടായതായി ക്ലബ്‌ അമേരിക്ക മെഡിക്കല്‍ സംഘം പുറത്തുവിട്ടു.
2004 ല്‍ മെക്‌സിക്കോയുടെ അണ്ടര്‍ 23 ടീമിനായി കളിച്ചു തുടങ്ങിയ ഒച്ചോവ 2005 ലാണു ദേശീയ ടീമിലെത്തിയത്‌. തുടര്‍ന്ന്‌ 151 മത്സരങ്ങളില്‍ മെക്‌സിക്കോയുടെ ഗോള്‍ വലയം കാത്തു.

Ads by Google
Thursday 12 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW