-->
ഇസ്രയേലില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന്റെ ആവേശം പങ്കുവെക്കുകയാണ് ഇന്ത്യക്കാരിയായ ഒരു യുവതി. റിവിറ്റല്‍ മോസസ് എന്ന യുവതിയാണ് ഇക്കാര്യം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. മോദിയെ കണ്ടത് വൈകാരികമായ നിമിഷമായിരുന്നുവെന്ന് ഇവര്‍ വീഡിയോയില്‍ പറഞ്ഞു. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായിമാറിയത്.
'ഞാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ടു. ഈ മനുഷ്യനാണ് 150 കോടി ജനങ്ങളുള്ള രാജ്യത്തെ നയിക്കുന്നത്. ഈ മനുഷ്യനാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ നയിക്കുന്നത്. അദ്ദേഹത്തെ വ്യക്തിപരമായി കാണാനും എന്റെ ചില ചിന്തകള്‍ അദ്ദേഹവുമായി പങ്കുവെക്കാനുമുള്ള അവസരം എനിക്ക് ലഭിച്ചു. അതൊരു അവിശ്വസിനീയമായ നിമിഷമായിരുന്നു.' റിവിറ്റല്‍ മോസസ് വീഡിയോയില്‍ പറഞ്ഞു.
'ഇസ്രയേലി പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ പ്രസംഗം. അത് ഗംഭീരമായിരുന്നു. ഇന്ത്യന്‍ പതാകയുടെ നിറങ്ങളാല്‍ തിളങ്ങിയ ഇസ്രയേലി പാര്‍ലമെന്റില്‍ അദ്ദേഹത്തെ കണ്ടത് വൈകാരികമായ നിമിഷമായിരുന്നു. ഇതൊരു തുടക്കം മാത്രമാണ്. ഞാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. അടുത്ത പത്ത് വര്‍ഷങ്ങള്‍ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തിന്റേതാണ്. നമ്മള്‍ തുടങ്ങിയിട്ടേയുള്ളൂ.' യുവതി പറഞ്ഞുനിര്‍ത്തി. ഇതിനകം ഒന്നരലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ കമന്റുകളുമിട്ടു.