-->
ലോകത്തിലെ ഏറ്റവും നീളം കൂടിയ കാട്ടുപാമ്പെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്തോനേഷ്യയിലെ ദക്ഷിണ സുലവേസിയില്‍ നിന്നുള്ള ഒരു പെരുമ്പാമ്പ്. 'ഇബു ബാരണ്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമന്‍ പാമ്പിന് 7.22 മീറ്റര്‍ (ഏകദേശം 23 അടി 8 ഇഞ്ച്) നീളമുണ്ട്. 2026 ജനുവരിയില്‍ നടത്തിയ അളവെടുപ്പിലാണ് ഈ റെക്കോര്‍ഡ് സ്ഥിരീകരിച്ചത്. മലായോപൈത്തല്‍ വിഭാഗത്തില്‍പെട്ട ഈ പെരുമ്പാമ്പിന് മുന്നൂറ് കിലോയധികം ഭാരമുണ്ട്. ഈ ഇനത്തില്‍ ആണ്‍ പാമ്പുകളെ അപേക്ഷിച്ച് പെണ്‍പാമ്പുകള്‍ക്കാണ് കൂടുതല്‍ വലിപ്പം ഉണ്ടാകാറുള്ളത്.
നിലവില്‍ പ്രാദേശിക പാമ്പ് സംരക്ഷകനായ ബുദി പര്‍വാന്റോയുടെ മേല്‍നോട്ടത്തിലാണ് ഇബു ബാരണ്‍ കഴിയുന്നത്. പാമ്പ് സംരക്ഷണ കേന്ദ്രത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ സുരക്ഷിതമായ കൂട്ടിലാണ് ഇതിനെ പാര്‍പ്പിച്ചിരിക്കുന്നത്. സാധാരണ സര്‍വേ ടേപ്പ് ഉപയോഗിച്ചാണ് ഇതിന്റെ നീളം അളന്നത്. അളവെടുക്കുന്ന സമയത്ത് പാമ്പ് പൂര്‍ണ്ണ ബോധാവസ്ഥയിലായിരുന്നു. ഇത്തരത്തില്‍ ഉണര്‍ന്നിരിക്കുമ്പോള്‍ പാമ്പിന്റെ ശരീരത്തില്‍ സ്വാഭാവികമായ വളവുകള്‍ ഉണ്ടാകാറുണ്ട്. അതിനാല്‍ തന്നെ കൃത്യമായ നീളം അളക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്.
അനസ്‌തേഷ്യ നല്‍കി മയക്കിയാല്‍ പേശികള്‍ അയയുന്നത് വഴി പാമ്പിന്റെ നീളം പത്ത് ശതമാനത്തോളം കൂടി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഗിന്നസ് അധികൃതര്‍ വ്യക്തമാക്കുന്നു. അങ്ങനെയാണെങ്കില്‍ ഇബു ബാരണിന് ഏകദേശം 7.9 മീറ്റര്‍ നീളം വരെ ഉണ്ടായേക്കാം. എന്നാല്‍ കേവലം അളവെടുപ്പിന് വേണ്ടി മൃഗങ്ങള്‍ക്ക് അനസ്‌തേഷ്യ നല്‍കുന്നത് ശരിയല്ലാത്തതിനാല്‍ സ്വാഭാവികമായ രീതിയിലുള്ള അളവെടുപ്പാണ് അധികൃതര്‍ നടത്തിയത്. സുരക്ഷാ കാരണങ്ങള്‍ക്കോ ചികിത്സയ്‌ക്കോ അല്ലാതെ ഇത്തരം നടപടികള്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശവും ഇതിനോടൊപ്പമുണ്ട്.