-->
ബംഗളൂരു: ലോകത്തിലുള്ള എല്ലാ മേഖലകളിലും എഐ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു. പോലീസ് പ്രവര്‍ത്തനങ്ങളിലും എഐ അഭിവാജ്യഘടകമായി മാറിയിരിക്കുകയാണ്. ജനജീവിതം സുരക്ഷിതമാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റവാളികളെ കണ്ടെത്താനും ഇന്ന് ഡിജിറ്റല്‍ സംവിധാനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ എഐ സംവിധാനത്തിലൂടെ കുറ്റവാളികളെ പിടികൂടുന്ന സാങ്കേതിക വിദ്യ ബംഗളൂരു നഗരത്തിലാണ് കൂടുതലായും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പോലീസ് പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കുറ്റകൃത്യം നടക്കുന്നതിന് മുന്‍പേ തന്നെ അതിന് സാധ്യതയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി തടയുന്ന പുതിയ രീതിയിലേക്കാണ് പോലീസ് മാറിയിരിക്കുന്നത്. കാലാ കാലങ്ങളായുള്ള കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ വിശകലനം ചെയ്താണ് കുറ്റ കൃത്യം നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എഐ സംവിധാനത്തിലൂടെ കണ്ടെത്തുന്നത്. ഉദാഹരണത്തിന് നഗരത്തിലെ ഒരു സ്ഥലത്ത് രാവിലെ ആറിനും എട്ടിനും ഇടയില്‍ ഒരു പ്രശ്‌നം നടക്കാന്‍ സാധ്യതയുണ്ടെന്ന് എഐ മുന്നറിയിപ്പ് നല്‍കിയാല്‍, പോലീസ് പട്രോളിംഗ് യൂണിറ്റുകള്‍ അവിടെ മുന്‍കൂട്ടി നിലയുറപ്പിക്കും.
സേഫ് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള ആയിരക്കണക്കിന് സിസിടിവി ക്യാമറകള്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ വലിയ രീതിയിലാണ് സഹായിക്കുന്നത്. ഈ ക്യാമറകള്‍ വഴി നഗരത്തിലെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസിന് സാധിക്കുന്നു.ക്രിമിനലുകളുടെ മുഖം ക്യാമറയില്‍ പതിഞ്ഞാല്‍ ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമിലും അടുത്തുള ഉദ്യോഗസ്ഥന്റെ ഫോണിലും അലര്‍ട്ടായി എത്തും. മോഷ്ടിച്ച വാഹനങ്ങളോ കരിമ്പട്ടികയില്‍ പെട്ടവയോ നഗരത്തിലൂടെ ചുറ്റിയാല്‍ ഉടന്‍ നമ്പര്‍ പ്ലേറ്റ് തിരിച്ചറിഞ്ഞ് പോലീസ് പിടികൂടും. സംശയാസ്പദമായ രീതിയില്‍ ഒരു സ്ഥലത്ത് ചുറ്റിക്കറങ്ങുന്നവരെയോ ജുവലറികള്‍ക്ക് മുന്നില്‍ അനാവശ്യമായി നില്‍ക്കുന്നവരെയോ എഐ സോഫ്‌റ്റ്വെയര്‍ തിരിച്ചറിയുകയും പോലീസിനെ അറിയിക്കുകയും ചെയ്യും.
അതേസമയം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സുരക്ഷാ ആപ്പിലും എഐ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ പ്രദേശത്തിന്റെയും സുരക്ഷ എത്രത്തോളമുണ്ടെന്ന് അറിയാനും അപകടം ഉണ്ടാകുകയോ മറ്റോ ചെയ്താല്‍ ലൈവ് ലൊക്കേഷനും ഓഡിയോയും പോലീസിന് കൈമാറാനും ഈ ആപ്പിലൂടെ സഹായിക്കും.