-->
ശൈത്യകാലം ആരംഭിച്ചതോടെ ബെംഗളൂരു തണുത്തു വിറക്കുകയാണ്. നഗരത്തില്‍ ഉടനീളമുള്ള കഴിഞ്ഞ ദിവസത്തെ ഏറ്റവും കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെ ആയതായി കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. ഇത് സാധാരണയായി നവംബര്‍ അവസാനത്തില്‍ ഉണ്ടാകാറുള്ള താപനിലയില്‍ നിന്നും വളരെ കുറവാണെന്നും കണക്കുകള്‍ കാണിക്കുന്നു.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം അതിരാവിലെയുള്ള നിരവധി വിമാനങ്ങള്‍ വൈകി. തണുപ്പ് നിറഞ്ഞ കാലാവസ്ഥ കുറച്ച് ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഭാഗികമായി മേഘാവൃതമായ ആകാശവും നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പും വ്യക്തമാക്കി. കൂടാതെ രാത്രിയിലെ താപനില പതിവിലും തണുപ്പുള്ളതായി തുടരും.
തെളിഞ്ഞ ആകാശവും ഉത്തരേന്ത്യയില്‍ നിന്ന് തെക്കോട്ടടിക്കുന്ന തണുത്ത വടക്ക്കിഴക്കന്‍ കാറ്റുകളുമാണ് താപനിലയിലെ ഈ പെട്ടെന്നുള്ള കുറവിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. സാധാരണയായി ഉണ്ടാകാറുള്ള വടക്ക്കിഴക്കന്‍ മണ്‍സൂണ്‍ ദുര്‍ബലമായി തുടരുന്നു. ഇത് പ്രധാനമായും തമിഴ്‌നാടിന്റെ തീരദേശ മേഖലകളെയാണ് ബാധിക്കുന്നത്. അതുകൊണ്ട് കര്‍ണാടകയില്‍ വരണ്ട, തണുത്ത കാലാവസ്ഥ തുടരുകയാണ്.