Wednesday, March 11, 2026 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 08.54 AM

പൗരബോധത്തിന്റെ വലിയ പാഠം! ട്രെയിനില്‍ ചിപ്‌സ് വീഴ്ത്തിയ മകനെകൊണ്ട് തന്നെ വൃത്തിയാക്കിച്ച് ഒരച്ഛന്‍, കയ്യടിച്ച് സോഷ്യല്‍ മീഡിയ

son, scatter, chips, train, father, teach, lesson

ട്രെയിന്‍ യാത്രയ്ക്കിടെ കംപാര്‍ട്ട്‌മെന്റിനുള്ളില്‍ ചിപ്‌സ് നിലത്തിട്ട രണ്ട് വയസ്സുകാരന്‍ മകനെകൊണ്ട് തന്നെ അത് വൃത്തിയാക്കിക്കുന്ന ഒരു അച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടി ഏറ്റുവാങ്ങുന്നത്. ചെറുപ്രായത്തില്‍ തന്നെ മകന് പൗരബോധത്തിന്റെ വലിയ പാഠം പകര്‍ന്ന് നല്‍കിയ ഈ അച്ഛന്‍ മാതൃകാപരമായ പാരന്റിംഗിന് ഉത്തമ ഉദാഹരണാമാണെന്ന് നെറ്റീസണ്‍സ് വിശേഷിപ്പിക്കുന്നു. ട്രാവല്‍ വ്‌ലോഗറായ ദീപക് സമല്‍ ആണ് തന്റെ മകനെ പൗരബോധം പഠിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. കുട്ടി കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തറയില്‍ വീണ ചിപ്‌സ് തനിക്ക് വേണമെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വൃത്തിയാക്കാമായിരുന്നു എന്നും, എന്നാല്‍ മകന് ഒരു വലിയ പാഠം നല്‍കാനാണ് താന്‍ അത് അവനെക്കൊണ്ട് തന്നെ ചെയ്യിപ്പിച്ചതെന്നും ദീപക് വീഡിയോയുടെ അടിക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

നമ്മുടെ വീടുപോലെ തന്നെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് പൊതുസ്ഥലങ്ങള്‍. നമ്മളുണ്ടാക്കുന്ന മാലിന്യം മറ്റൊരാള്‍ വൃത്തിയാക്കേണ്ടി വരുന്നത് ശരിയല്ലെന്നും അദ്ദേഹം മകന് ലളിതമായി പറഞ്ഞുകൊടുത്തു. കുഞ്ഞിനോട് ദേഷ്യപ്പെടുകയോ പേടിപ്പിക്കുകയോ ചെയ്യാതെ, ഓരോ ചിപ്‌സും മകനെക്കൊണ്ട് തന്നെ എടുപ്പിച്ച് ട്രേയില്‍ വെപ്പിച്ചു. ശുചിത്വവും ഉത്തരവാദിത്തവും വെറും വാക്കുകളിലൂടെയല്ല, മറിച്ച് നിത്യജീവിതത്തിലെ ഇത്തരം ചെറിയ പ്രവൃത്തികളിലൂടെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് ഈ പിതാവ് ലോകത്തിന് കാണിച്ചുകൊടുത്തു.

ഏകദേശം 15 ലക്ഷത്തിലധികം ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് താഴെ ദീപക്കിന്റെ പാരന്റിംഗ് രീതിയെ അഭിനന്ദിച്ച് വന്‍ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്തമാണെന്ന് കുട്ടിക്കാലം മുതലേ പഠിപ്പിക്കുന്നത് ഒരു തലമുറയെ തന്നെ മാറ്റിയെടുക്കാന്‍ സഹായിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. 'മറ്റൊരാള്‍ വന്ന് വൃത്തിയാക്കും' എന്ന ചിന്താഗതി മാറ്റാന്‍ ഇത്തരം മാതൃകകളാണ് നമുക്ക് ആവശ്യമെന്നും, ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തില്‍ ഇത്തരം ചെറിയ പാഠങ്ങള്‍ വലിയ പങ്കുവഹിക്കുമെന്നും സോഷ്യല്‍ മീഡിയ ഒന്നടങ്കം കുറിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW