-->
ദമ്പതിമാരെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് തങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞ് ജനിച്ച് കയ്യിലെത്തുന്നതുവരെ ആകാംക്ഷയും, സന്തോഷവും, അല്പം പരിഭ്രാന്തിയുമെല്ലാം മാതാപിതാക്കള്‍ക്ക് ഉണ്ടാകും. വേദനയോടെ അമ്മ ജന്മം നല്‍കുമെങ്കിലും കുഞ്ഞ് ആദ്യം എത്തുന്നത് അച്ഛന്റെ കൈകളിലായിരുക്കും. എന്നാല്‍ ആദ്യ കണ്‍മണിയെ കയ്യിലേക്ക് വാങ്ങുമ്പോള്‍ കൈകള്‍ വിറയ്ക്കാത്ത, പരിഭ്രമിക്കാത്ത അച്ഛന്മാര്‍ കുറവായിരിക്കും. ഈ പരിഭ്രമവും ടെന്‍ഷനും നിറഞ്ഞ ഒരു വീഡിയോ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുകയാണ്. ചെന്നൈയില്‍ നിന്നുള്ള ഡോക്ടറാണ് വീഡിയോ പങ്കുവെച്ചത്.
ഡോ. സുഗന്യ ശരവണകുമാര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. കുഞ്ഞിനെ കൈമാറാന്‍ ഡോക്ടര്‍ ശ്രമിക്കുമ്പോള്‍, പരിഭ്രമം കാരണം അച്ഛന്റെ കൈകള്‍ വിറയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഡോക്ടര്‍ ധൈര്യം നല്‍കിയപ്പോള്‍, കണ്ണുനിറഞ്ഞും വികാരഭരിതനായും അദ്ദേഹം കുഞ്ഞിനെ വാങ്ങുന്നതും കാണാം.പേടിച്ചുനില്‍ക്കുന്ന അച്ഛനോട് ശാന്തനാകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതും വീഡിയോയിലുണ്ട്. നവജാതശിശുവിനെ ആദ്യമായി കൈകളിലെടുക്കുന്ന, പരിഭ്രമിച്ചു നില്‍ക്കുന്ന അച്ഛന്റെ വീഡിയോ 19.8 കോടിയിലധികം ആളുകളാണ് ഇതുവരെ കണ്ടത്.
'ഏറ്റവും ശക്തനായ വ്യക്തിയുടെ കൈകള്‍ പോലും കുഞ്ഞു സന്തോഷത്തെ എടുക്കുമ്പോള്‍ വിറയ്ക്കുന്നു. പുതിയ അതിഥി കുടുംബത്തിലേക്ക് എത്തുമ്പോള്‍ ഓരോ നിമിഷവും ഓര്‍മ്മയായി മാറുകയാണ്' എന്നാണ് വീഡിയോയ്‌ക്കൊപ്പം ഡോക്ടര്‍ കുറിച്ചത്. സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.