Wednesday, March 11, 2026 Last Updated 33 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 09.22 AM

കഴുത്തില്‍ മുത്തുമാലയിട്ട് നടക്കുന്ന കുഞ്ഞന്‍ ചിലന്തി: വിചിത്ര സവിശേഷതയ്ക്ക് പിന്നില്‍

tiny, spide, parasitc, discovery

വിചിത്ര സവിശേഷതകളുള്ള വിവിധ ഇനം ചിലന്തികളെകുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ കഴുത്തില്‍ മാലയിട്ട് നടക്കുന്ന ചിലന്തികളെകുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ അത്തരമൊരു ചിലന്തിയെ കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ബ്രസീലിലെ സാവോ പോളോയിലുള്ള ബ്യൂട്ടന്റാന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ സുവോളജിക്കല്‍ കളക്ഷന്‍സ് ലബോറട്ടറിയില്‍ ചിലന്തികളെയും തേളുകളെയും വേര്‍തിരിക്കുകയായിരുന്നു ഒരു സംഘം ഗവേഷകര്‍. ഇതിനിടെയാണ് ഏതാനും മില്ലിമീറ്ററുകള്‍ മാത്രം വലിപ്പമുള്ള ഈ കുഞ്ഞന്‍ ചിലന്തി ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. സാധാരണ ചിലന്തികളെ പോലെ ആയിരുന്നില്ല അത്. കഴുത്തിന് ചുറ്റും ചെറിയ വെളുത്ത മുത്തുകള്‍ മാല പോലെ ഇട്ട് നടക്കുന്ന ഒരു സുന്ദരനായിരുന്നു ഇത്. ഇതെന്ത് വിചിത്ര പ്രതിഭാസം എന്നായി ഗവേഷകര്‍.

നേരിട്ട് കാണുമ്പോള്‍ ഈ മാലകള്‍ കാണാന്‍ സാധിച്ചിരുന്നില്ല. മൈക്രോസ്‌കോപ്പിലൂടെയുള്ള പരിശോധനയിലാണ് മുത്തുകള്‍ കണ്ടെത്തിയത്. ഇന്നോളം ചിലന്തികളില്‍ ഇങ്ങനെയൊരു സ്വഭാവരീതി കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ഗവേഷകര്‍ അതേ ലബോറട്ടറിയില്‍ ചെറു കീടങ്ങളെക്കുറിച്ച് പഠനം നടത്തുന്ന സംഘവുമായി ബന്ധപ്പെട്ടു. അകരോളജിക്കല്‍ കളക്ഷന്റെ ക്യുറേറ്ററായ റിക്കാര്‍ഡോ ബസീനി ചിലന്തിയില്‍ വിശദമായ പരിശോധനകളും നടത്തി. എന്നാല്‍ ചിലന്തിയുടെ അലങ്കാരമെന്ന് കരുതിയ വസ്തു യഥാര്‍ഥത്തില്‍ അതിനെ നിരന്തരം ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന മറ്റൊന്നാണ് എന്നാണ് അതിലൂടെ തെളിഞ്ഞത്. പരാന്നഭോജികളുടെ ലാര്‍വയാണ് മുത്തു പോലെയുള്ള രൂപത്തില്‍ ചിലന്തിയുടെ ശരീരത്തിലാകെ പറ്റിപ്പിടിച്ചിരുന്നത്.

ചിലന്തികളെ ആശ്രയിക്കുന്ന പരാന്നഭോജികള്‍ അപൂര്‍വമായതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനായിരുന്നു അടുത്ത ശ്രമം. ലൈറ്റ് മൈക്രോസ്‌കോപ്പി അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നടത്തിയ പഠനങ്ങളില്‍ ഓരോ ലാര്‍വയ്ക്കും 500 മൈക്രോമീറ്റര്‍ അല്ലെങ്കില്‍ അര മില്ലിമീറ്ററില്‍ താഴെ മാത്രമാണ് വലിപ്പം എന്ന് തിരിച്ചറിഞ്ഞു. എന്നു മാത്രമല്ല ബ്രസീലില്‍ ആദ്യമായാണ് ഈ ഇനത്തില്‍പ്പെട്ട പരാന്നഭോജിയെ കണ്ടെത്തുന്നത്. അരനിയോത്രോംബിയം ബ്രസീലിയന്‍സിസ് എന്ന് പേരിട്ടിരിക്കുന്ന ഈ ഇനത്തെ 2017ല്‍ കോസ്റ്റാറിക്കയിലാണ് ആദ്യമായി കണ്ടെത്തിയിരുന്നത്. ബ്രസീലില്‍ ഇവയുടെ സാന്നിധ്യം ഉണ്ടാവുമെന്ന് ഗവേഷകര്‍ കണക്കുകൂട്ടിയിരുന്നില്ല. അതിനാല്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ഇവ വ്യാപകമാവാം എന്നാണ് നിലവിലെ വിലയിരുത്തല്‍. എന്നാല്‍ ലബോറട്ടറിയിലെ ചിലന്തിയില്‍ പറ്റിപ്പിടിച്ചിരുന്ന ഇനത്തിന്റെ ലാര്‍വ ഘട്ടം മാത്രമേ ഇതുവരെ തിരിച്ചറിയാനായിട്ടുള്ളു.

പ്രായപൂര്‍ത്തിയാകാത്ത ചിലന്തികളെയാണ് ഇവ ലക്ഷ്യമാക്കുന്നത്. ചിലന്തികളുടെ കണ്ണുകള്‍, വായ, വയര്‍ എന്നിവയ്ക്ക് ഇടയിലുള്ള ഭാഗത്ത് ഇവ പറ്റി പിടിക്കും. അതിനുശേഷം അവയുടെ ശരീരത്തില്‍ കൂടി പ്രവഹിക്കുന്ന ലിംഫ് എന്ന ദ്രാവകം വലിച്ചെടുക്കും. വളരെ എളുപ്പത്തില്‍ കീഴടക്കാം എന്നതിനാലാണ് അവ ചെറുചിലന്തികളെ തന്നെ ഇരയാക്കുന്നത്. ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ദ്രാവകം നഷ്ടമാകുന്നതോടെ ശരീരം ക്ഷീണിക്കുകയും ചെയ്യും. ഈ ചിലന്തി ഇനം വര്‍ഷങ്ങളായി ലബോറട്ടറിയിലുണ്ടെങ്കിലും ഇന്നോളം അവയുടെ ശരീരത്തില്‍ പരാന്നഭോജികളുടെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നില്ല. ബ്രസീലില്‍ മാത്രം 3000ത്തിലധികം ചിലന്തി ഇനങ്ങള്‍ ഉണ്ടെന്നിരിക്കെ അവയുമായി ബന്ധപ്പെട്ട് ഇത്തരം പരാന്നഭോജികള്‍ കൂടുതലായുണ്ടോ എന്ന് അറിയാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW