-->
ലോകത്തെ ഏറ്റവും വലിയ ചിലന്തി എന്നറിയപ്പെടുന്നവയാണ് ഗോലിയാത്ത് ബേര്‍ഡ് ഈറ്റര്‍. ബ്രസീല്‍, വെനസ്വ്വേല തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ ഇരുണ്ട മഴക്കാടുകളിലാണ് ഈ വിഷ ചിലന്തികള്‍ കാണപ്പെടുന്നത്. പേരില്‍ ബേര്‍ഡ് ഈറ്റര്‍ എന്നൊക്കെയുണ്ടെങ്കിലും പക്ഷികളെ വളരെ അപൂര്‍വമായാണ് ഇവ വേട്ടയാടുന്നത്. മണ്ണിര, ഷഡ്പദങ്ങള്‍, തവള, പല്ലി തുടങ്ങി ചെറു പാമ്പുകളെ വരെ ഇവ ആഹാരമാക്കുന്നു.
വിഷ സ്രവം പുറപ്പെടുവിച്ച് നിമിഷ നേരം കൊണ്ട് ഇരയെ കീഴ്‌പ്പെടുത്തുന്നതാണ് രീതി. ഇവയുടെ കാലുകള്‍ക്ക് 30 സെന്റീ മീറ്ററും ശരീരത്തിന് 11.9 സെന്റീ മീറ്ററും നീളമുണ്ട്. അതായത് മനുഷ്യന്റെ മുഖത്തോളം വലിപ്പം ഇവയുടെ ശരീരത്തിനേ വരും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയവയുടെ തലയോട്ടി പിളര്‍ക്കാന്‍ ശേഷിയുള്ളതാണ് ഇവയുടെ നഖങ്ങള്‍. ഒരു നായകുട്ടി ജനിക്കുമ്പോള്‍ എത്രയോളം ഭാരം ഉണ്ടാകുമോ അത്രത്തോളം വരും ഗോലിയാത്ത് ചിലന്തികളുടെ ഭാരം.
ഒരു കാല്‍ നഷ്ടപ്പെട്ടാലും ഗോലിയാത്തിന് നോ ടെന്‍ഷന്‍. എന്തെന്നാല്‍ അതിന്റെ സ്ഥാനത്ത് പുതിയ കാല്‍ വളര്‍ന്നു വരും. ശരീര കോശങ്ങള്‍ക്ക് വളരാനുള്‌ല കഴിവുണ്ട് എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. മറ്റു സ്പീഷീസുകളെ പോലെ പെണ്‍ ഗോലിയാത്ത് ചിലന്തികള്‍ ആണ്‍ ചിലന്തികളെ ആഹാരമാക്കാറില്ല. പെണ്‍ ചിലന്തികള്‍ക്ക് 15 മുതല്‍ 25 വര്‍ഷം വരെ ആയുസുണ്ട്. അതേസമയം, ആണ്‍ചിലന്തികള്‍ക്കാകട്ടെ വളര്‍ച്ച പൂര്‍ണമായതിന് ശേഷം മൂന്ന് മുതല്‍ ആറ് വരെ വര്‍ഷം മാത്രമേ ജീവിച്ചിരിക്കുകയുല്ലു. ബ്രൗണ്‍ നിറത്തില്‍ കാണുന്ന ഇവയ്ക്ക് രോമാവൃതമായ ശരീരമാണുള്ളത്. ഗോലിയാത്തിന്റെ വിഷം മാരകമല്ലെങ്കിലും ഇവയുടെ കടിയേല്‍ക്കുന്നത് കടന്നല്‍ കുത്തിന് സമാനമാണ്.