-->
നമ്മുക്ക് ഏറ്റവും സുപരിചിതമായ ജീവികളാണ് ചിലന്തികള്‍. നമ്മുക്ക് ചുറ്റും പല വലുപ്പത്തിലുള്ള ചലന്തികളുണ്ട്. ഇതില്‍ നിരുപദ്രവകാരികള്‍ മുതല്‍ മാരക വിഷമുള്ളവ വരെ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ലോകത്ത് എത്ര തരം ചിലന്തികള്‍ ഉണ്ടെന്ന് അറിയാമോ ? സ്വിറ്റ്‌സര്‍ലന്‍ഡിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം ഒഫ് ബേണിന്റെ ദ വേള്‍ഡ് സ്‌പൈഡര്‍ കാറ്റലോഗിന്റെ കണക്ക് പ്രകാരം ഏകദേശം 50,000 ത്തിലേറെ ചിലന്തി സ്പീഷീസുകളെയാണ് ലോകത്ത് കണ്ടെത്തിയിട്ടുള്ളത്. തീര്‍ന്നില്ല, ഇനിയും 50,000ത്തിലേറെ ചിലന്തി സ്പീഷീസുകളെ തിരിച്ചറിയാനുമുണ്ടത്രെ.
ചിലന്തികള്‍ക്ക് പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുണ്ട്. ഏകദേശം 400 800 ദശലക്ഷം ടണ്‍ പ്രാണികളെയാണ് ഓരോ വര്‍ഷവും ചിലന്തികള്‍ ഭക്ഷിക്കുന്നത്. പ്രാണികളുടെ എണ്ണം നിയന്ത്രിച്ച് നിറുത്തുന്നതില്‍ വളരെ വലിയ പങ്കാണ് ചിലന്തികള്‍ക്ക്. ' ഗുരിയുറിയസ് മിന്വാനോ' ആണ് ലോകത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട 50,000ാമത് ചിലന്തി സ്പീഷീസ്. തെക്കന്‍ ബ്രസീലില്‍ കണ്ടെത്തിയ ചെടികളിലും മരങ്ങളിലും കാണപ്പെടുന്ന ഇവ സാള്‍ട്ടിസിഡേ കുടുംബത്തില്‍പ്പെട്ടവയാണ്.
1757ലാണ് ശാസ്ത്രജ്ഞര്‍ ചിലന്തിയുടെ ആദ്യ ശാസ്ത്രീയ വിശദീകരണം നല്‍കിയത്. ഇപ്പോള്‍ 265 വര്‍ഷം കൊണ്ടാണ് 50,000 ചിലന്തി സ്പീഷീസുകളെ കണ്ടെത്തിയത്. ബ്രസീല്‍, വെനസ്വേല തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ ഇരുണ്ട മഴക്കാടുകളില്‍ ജീവിക്കുന്ന ഗോലിയാത്ത് ബേര്‍ഡ് ഈറ്റര്‍ എന്ന വിഷ ചിലന്തിയാണ് ലോകത്തെ ഏറ്റവും വലിയ ചിലന്തി സ്പീഷീസ്.