Thursday, March 12, 2026 Last Updated 51 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 10.13 AM

ഇവര്‍ നിസാരക്കാരല്ല! മീനിനെ പോലും പിടിക്കുന്ന ചിലന്തികള്‍, കേരളത്തിലും സാന്നിധ്യം സ്ഥിരീകരിച്ച് ഗവേഷകര്‍

fish, catching, spider

ചിലന്തികളുടെ പല വെറൈറ്റികളെകുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ മീന്‍ പിടിക്കുന്ന ചിലന്തികളെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. ഇപ്പോഴിതാ ഇത്തരത്തിലുള്ള എട്ടുകാലിയുടെ സാന്നിധ്യം കേരളത്തിലും സ്ഥിരീകരിച്ചിരിക്കുകയാണ്. അരുവികളുടെ തീരത്തുള്ള ഇവയെ കണ്ടെത്തിയത് പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ലക്കിടിയിലും വയനാട്ടിലുമാണ്. ഇന്ത്യയില്‍ ആദ്യമായാണ് കണ്ടെത്തുന്നത്. വെള്ളത്തിലേക്ക് വീണുകിടക്കുന്ന ഇലകളിലും മരച്ചില്ലകളിലും പാറക്കല്ലുകളിലും ദിവസങ്ങളോളം ഇരയ്ക്കായി കാത്തിരിക്കും. വായോട് ചേര്‍ന്നുള്‌ല പ്രത്യേകതരം രോമങ്ങള്‍ വെള്ളത്തിലേക്ക് ഇറക്കിവച്ചാണ് ഇരകളുടെ സാന്നിദ്ധ്യം അറിയുന്നത്.

പീച്ചി വനഗവേഷണ സ്ഥാപനത്തിലെ ഡോ. ജിതു ഉണ്ണിക്കൃഷ്ണനും ഗവേഷകനായ സി.കെ.അര്‍ജുനും 'വയനാട് വൈല്‍ഡ്' ഇക്കോ റിസോര്‍ട്ട് പ്രദേശത്ത് നടത്തിയ പഠനങ്ങളിലാണ് കണ്ടെത്തിയത്. പ്രജനനം ലാബില്‍ നടത്തി ജീവിതചക്രം പഠിക്കാനുമായി. വയനാട്, പെരിയയിലെ മഴക്കാടുകളില്‍ ഉള്ളതായി വിവരം ലഭിച്ചെങ്കിലും പഠനം നടത്താനായില്ല. വെള്ളത്തിലേക്ക് ചാടുമ്പോള്‍ ഇരുന്ന പ്രതലത്തില്‍ വല ഒട്ടിക്കും. കാലുകള്‍കൊണ്ട് ഇരയെ വളഞ്ഞുപിടിച്ച് കടിച്ചെടുക്കും. പല്ലുകള്‍ പോലെ കൂര്‍ത്ത ഭാഗങ്ങള്‍ വായോട് ചേര്‍ന്നുണ്ട്. വലയില്‍ തൂങ്ങി ഇരിപ്പിടത്തിലേക്ക് മടങ്ങും. മീന്‍ ചത്തു കഴിയുമ്പോള്‍ ഭക്ഷിക്കാന്‍ തുടങ്ങും. ചിലന്തികളേക്കാള്‍ വ്യത്യസ്തമായ കണ്ണും ഇവയ്ക്കുണ്ട്.

ഇവയ്ക്ക് 10 മുതല്‍ 12 സെന്റീ മീറ്റര്‍ വലിപ്പം വരും. നാലോ അഞ്ചോ സെന്റീ മീറ്റര്‍ വലിപ്പമുള്‌ല മീനുകളാണ് ഇര. 'ഫിഷിംഗ് സ്‌പൈഡേഴ്‌സ്' എന്നീ പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയില്‍ നിന്നുള്‌ല ആദ്യത്തെ ഇനമായതിനാല്‍ ഡോളോമെഡെസ് ഇന്‍ഡിക്കസ് എന്ന ശാസ്ത്രീയ നാമവും നല്‍കി. സ്ലോവേനിയയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ബയോളജിയുമായി ചേര്‍ന്നാണ് വര്‍ഗീകരണം പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ 'നേച്ചര്‍ സയന്റിഫിക്ക് റിപ്പോര്‍ട്‌സില്‍' ഇടം നേടിയ പഠനമാണിത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW