-->
ജീവിച്ചിരിക്കുമ്പോള്‍ തന്നെ നാം മരണപ്പെട്ട വാര്‍ത്തയറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ? അത്തരം ഒരു സാഹചര്യത്തിലൂടെ കടന്നുപായ യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇസ്രയേലി ചാനലില്‍ സ്വന്തം മരണ വാര്‍ത്ത കണ്ട് ഞെട്ടുന്ന ഒരു ഇസ്രയേലി യുവതിയുടെ വീഡിയോയാണിത്. യുവതിയുടെ മരണം ഇറാന്‍ ഭരണകൂടത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയിലാണെന്ന് വാര്‍ത്തയില്‍ പറയുന്നു. അല്‍ജസീറ ഇംഗ്ലീഷിന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
നോയ സിയോണ്‍ എന്ന യുവതിയാണ് സ്വന്തം രാജ്യത്തെ വാര്‍ത്താ ചാനലില്‍ സ്വന്തം മരണ വാര്‍ത്ത കണ്ടത്. അത്തരമൊരു വാര്‍ത്ത കണ്ടതോടെ താന്‍ വലിയ സമ്മര്‍ദ്ദത്തിലായെന്ന് നോയ പറയുന്നു. അത് പത്രപ്രവര്‍ത്തനത്തിലെ അശ്രദ്ധയാണെന്നും പ്രസിദ്ധീകരണത്തിന് മുമ്പ് വാര്‍ത്ത വാസ്തവമാണോയെന്ന് പരിശോധിക്കപ്പെട്ടില്ലെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. 'ഇസ്രായേലില്‍ പോസ്റ്റ് ചെയ്താലും പ്രശ്‌നമില്ല. അന്താരാഷ്ട്ര തലത്തില്‍ പോസ്റ്റ് ചെയ്താലും പ്രശ്‌നമില്ല. നിങ്ങള്‍ ഒരു പത്രപ്രവര്‍ത്തകനാണെങ്കില്‍, നിങ്ങള്‍ എന്താണ് പോസ്റ്റ് ചെയ്യുന്നതെന്ന് നോക്കിയിട്ടില്ലെങ്കില്‍, അത് ഒരു പ്രശ്‌നമാണ്. പ്രത്യേകിച്ചും ആളുകളുടെ ജീവിതത്തെയും മരണത്തെയും സംബന്ധിച്ചാണെങ്കില്‍.' നോയ വീഡിയോയില്‍ പറയുന്നു.
അതേസമയം ഇറാനിലെ ഭരണകൂടത്തിനെതിരെ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടെന്ന തരത്തില്‍ നിരവധി പേരുടെ മുഖം വച്ചുള്ള വാര്‍ത്തകള്‍ ഇസ്രയേലി മാധ്യമങ്ങള്‍ നല്‍കുന്നുണ്ടെന്നും. അവരില്‍ പലതും വ്യാജ വാര്‍ത്തകളാണെന്നും അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.