-->
മനുഷ്യനെപോലെ തന്നെ വളര്‍ത്തുമൃഗങ്ങളുടെ വിശേഷ ദിവസങ്ങള്‍ ഏറെ ആഘോഷകരമായി നടത്തുന്ന നിരവധിപേരുണ്ട്. ഇപ്പോഴിതാ അസാമിലെ ഒരു ആനക്കുട്ടിയുടെ ജന്മദിനാഘോഷത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'മോമോ' എന്ന് വിളിക്കുന്ന പ്രിയാന്‍ഷി എന്ന ആനക്കുട്ടിയുടെ ജന്മദിനമാണ് ആഘോഷിച്ചത്. ബിപിന്‍ കശ്യപ് എന്ന ആളാണ് വീഡിയോ പങ്കുവച്ചത്. ബിപിന്‍ തന്നെയാണ് ഈ ആഘോഷപരിപാടികള്‍ക്ക് മുന്നില്‍ നിന്നത്.
ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ആനക്കുട്ടിക്ക് പഴങ്ങളും പച്ചക്കറികളും കേക്കും എല്ലാം ബിപിന്‍ ഒരുക്കിയിരുന്നു. ആനക്കുട്ടി അതിന് മുന്നില്‍ വന്ന് ഇവ കഴിക്കുന്നതും ബിപിന്‍ ജന്മദിന ആശംസകള്‍ നേരുന്നതും വീഡിയോയില്‍ ഉണ്ട്. ആനക്കുട്ടിയും ബിപിനും തമ്മിലുള്‌ല അടുപ്പവും വീഡിയോയില്‍ വ്യക്തമാണ്. പഴങ്ങളും പച്ചക്കറിയും കേക്കും കഴിക്കുന്ന ആനക്കുട്ടിയെയും വീഡിയോയില്‍ കാണാം. കൂടാതെ ആനക്കുട്ടിയുടെ ഒപ്പം അതിന്റെ അമ്മയും ഉണ്ട്. അമ്മ ആനയും പഴങ്ങളും പച്ചക്കറിയും കഴിക്കുന്നുണ്ട്.
രണ്ട് ദിവസം മുന്‍പ് പങ്കുവച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്. ഈ പേജില്‍ മോമോയുടെയും മറ്റ് ആനകളുടെയും നിരവധി വീഡിയേകള്‍ ബിപിന്‍ പങ്കുവച്ചിട്ടുണ്ട്. 'ഇന്‍സ്റ്റഗ്രാമില്‍ കണ്ട അതിമനോഹരമായ കാഴ്ചയാണ് ഇത്', 'ഹാപ്പി ബര്‍ത്ത് ഡേ മോമോ', 'ദൈവം നിന്നെ അനുഗ്രഹിക്കണ്ട', 'നല്ല ഭംഗിയുള്‌ല ആനക്കുട്ടി', 'സൂപ്പര്‍ ആയിട്ടുണ്ട് ഈ ജന്മദിനം ആഘോഷം', ഇങ്ങനെ പോകുന്നു കമന്റുകള്‍.