-->
കുറുമ്പന്മാരായ ആനക്കുട്ടികളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇവയുമായി ബന്ധപ്പെട്ട് വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ പലപ്പോഴും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായികൊണ്ടിരിക്കുന്നത്. ഒരു തടാകത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കുട്ടിയാനയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത് തായ്‌ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സേവ് എലിഫന്റ് ഫൗണ്ടേഷനാണ്. ജുന്‍ എന്ന് വിളിപ്പേരുള്ള കുട്ടിയാനയുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലാണ് സംഘടന പങ്കുവെച്ചത്.
തടാകത്തില്‍ കുറേ സമയം കളിച്ച ശേഷം കരയ്ക്ക് കയറാന്‍ തയ്യാറെടുക്കുന്ന കുട്ടിയാനയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാന്‍ കഴിയുക. കരയ്ക്ക് കയറാനുള്ള ജുന്നിന്റെ ശ്രമം പരാജയപ്പെടുന്നതാണ് വീഡിയോയില്‍ പിന്നീട് കാണാന്‍ സാധിക്കുക. അവിടെയും ജുന്‍ തോറ്റുക്കൊടുത്തില്ല. പൂര്‍വ്വാധികം ശക്തിയോടെ അവള്‍ വീണ്ടും കരകയറാന്‍ ശ്രമിച്ചു. അവിടെയും ജുന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. വീണ്ടും നടത്തിയ ശ്രമത്തില്‍ തടാകത്തിലേക്ക് തന്നെ ജുന്‍ വന്നുവീണു. പിന്നീട് കരകയറാന്‍ ശ്രമിച്ച ഭാഗത്തുനിന്ന് അകലെയായി ഒരിടത്തുവെച്ച് കരകയറാന്‍ ജുന്‍ നടത്തിയ ശ്രമം വിജയിച്ചു.
വീഡിയോയുടെ ഒടുവില്‍ ദീര്‍ഘനേരത്തെ ശ്രമത്തിന്റെ അവശതകള്‍ ഒന്നുമില്ലാതെ അവള്‍ കരയിലൂടെ മെല്ലെ നടന്നുനീങ്ങുന്നാണ് കാണുന്നത്. വീഡിയോ വൈറലായതോടെ നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. എത്ര ധൈര്യവും ദൃഢനിശ്ചയവുമുള്ള കുട്ടിയാനയെന്നാണ് ഒരാള്‍ പ്രതികരിച്ചത്. തീര്‍ച്ചയായും മുന്നോട്ടുപോവുക എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.