-->
സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കും മാത്രമായി കണ്ടന്റുകള്‍ നിര്‍മ്മിക്കുന്ന നിരവധിപേരുണ്ട്. പല വീഡിയോകള്‍ കാണുമ്പോഴും ഇത് യഥാര്‍ത്ഥമാണോ അതോ വൈറലായി മാറാന്‍ വേണ്ടി മനപ്പൂര്‍വം സൃഷ്ടിച്ചിരിക്കുന്നതാണോ എന്ന സംശയം ഉണ്ടാവാറുണ്ട്. അങ്ങനെ ഒരു വീഡിയോയുടെ പേരില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണ് ഒരു കണ്ടന്റ് ക്രിയേറ്റര്‍. സിംഗപ്പൂരില്‍ ജീവിക്കുന്ന കൊറിയക്കാരിയായ മിയ എന്ന യുവതി ടിക്ടോക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിമാനത്തില്‍ കയറിയ മിയ പേടിച്ചതായും പരിഭ്രമിച്ചതായും വിമാനം പറന്നുപൊങ്ങുമ്പോള്‍ പാനിക് അറ്റാക്ക് വരുന്നതുപോലെ നിലവിളിക്കുന്നതായിട്ടുമാണ് വീഡിയോയില്‍ കാണുന്നത്.
എന്നാല്‍, ഇത്രയധികം പേടിച്ചിരിക്കുന്ന ഒരാള്‍ എങ്ങനെയാണ് ആ സമയത്ത് കൃത്യമായി ക്യാമറ വയ്ക്കുകയും ഇത് പകര്‍ത്തുകയും ചെയ്തത് എന്നാണ് പലരും ചോദിക്കുന്നത്. വിമാനത്തില്‍ കയറി അത് പറന്നുപൊങ്ങുമ്പോള്‍ ശരിക്കും ആങ്‌സൈറ്റിയും ഭയവുമുള്ള ഒരാള്‍ക്ക് അത് ചെയ്യാന്‍ സാധിക്കില്ല എന്നും പലരും അഭിപ്രായപ്പെട്ടു. എന്നാല്‍, ഈ ആരോപണങ്ങള്‍ക്കെല്ലാം മറുപടിയുമായി പിന്നീട് മിയ തന്നെ മുന്നോട്ട് വരികയായിരുന്നു. തനിക്ക് മുമ്പ് ഒരു വിമാനയാത്രയിലുണ്ടായ മോശം അനുഭവമാണ് ഇത്തരമൊരു അവസ്ഥയില്‍ തന്നെ എത്തിച്ചത് എന്നും അവള്‍ പറയുന്നു.
2024 ല്‍ SQ321വിമാനത്തിലെ യാത്രക്കാരിയായിരുന്നു താന്‍. അന്നുണ്ടായൊരു ടര്‍ബുലന്‍സില്‍ (ആകാശച്ചുഴി) ഒരു യാത്രക്കാരന്‍ മരിക്കുകയും അനേകങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്ന് ആ സംഭവത്തില്‍ തനിക്കും പരിക്കേറ്റിരുന്നു. തന്റെ നട്ടെല്ലിന് പരിക്കു പറ്റി. ആ അനുഭവമാണ് വിമാനയാത്ര പേടിപ്പിക്കുന്ന അനുഭവമായി മാറാന്‍ കാരണമായത് എന്നും മിയ പറയുന്നു. താന്‍ സാധാരണയായി ആങ്‌സൈറ്റിക്കുള്ള മരുന്ന് എടുത്ത ശേഷമാണ് വിമാനത്തില്‍ കയറാറുള്ളത്. എന്നാല്‍, ഇപ്പോള്‍ വൈറലായിരിക്കുന്ന, വിമര്‍ശനങ്ങളേറ്റു വാങ്ങേണ്ടി വന്ന വീഡിയോ ഷൂട്ട് ചെയ്ത ദിവസം മരുന്ന് എടുത്തിരുന്നില്ല അതാണ് പരിഭ്രമത്തിന് കാരണമായത് എന്നും അവള്‍ പറഞ്ഞു. ഒരുപാട് ഭാഗങ്ങള്‍ കട്ട് ചെയ്ത് മാറ്റിയ വീഡിയോയാണ് പോസ്റ്റ് ചെയ്തത് അതിനാലാവാം അത് ഇല്ലാത്ത അനുഭവമായി തോന്നിയത് എന്നും അവള്‍ വിശദീകരിച്ചു.