Sunday, March 15, 2026 Last Updated 30 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.37 AM

എട്ടാം മാസം റയല്‍ മാഡ്രിഡ് പരിശീലകന്‍ സാബി അലോണ്‍സോയെ പുറത്താക്കി ; ബി ടീം മാനേജര്‍ക്ക് ചുമതല

uploads/news/2026/01/820519/xabi-alonso.jpg

മാഡ്രിഡ്: ചുമതലയേറ്റ് എട്ടാംമാസം പരിശീലകന്‍ സാബി അലോന്‍സോയെ പുറത്താക്കി സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. പകരം ടീമിന്റെ ചുമതല ബി ടീം മാനേജര്‍ അല്‍വാരോ അര്‍ബെലോവയ്ക്ക് കൈമാറി. സൗദി അറേബ്യയില്‍ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ ബാഴ്സലോണയോട് 3-2 ന് തോറ്റതിന് ഒരു ദിവസത്തിന് ശേഷമാണ് റയല്‍ പരിശീലകനെ പുറത്താക്കിയത്്.

പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് പിരിയുന്നതെന്നാണ് റയലിന്റെ പക്ഷം. ഞായറാഴ്ച ജിദ്ദയില്‍ നടന്ന തോല്‍വിക്ക് ശേഷം തിങ്കളാഴ്ച അലോണ്‍സോയ്ക്ക് വിട നല്‍കിയ ആദ്യ കളിക്കാരന്‍ എംബാപ്പെ ആയിരുന്നു. അലോണ്‍സോയും പരിശീലകനും പരസ്പരം സല്യൂട്ട് ചെയ്യുന്ന ഫോട്ടോയ്ക്കൊപ്പം ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ എംബാപ്പെ പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്തു.

കാര്‍ലോ ആന്‍സെലോട്ടി ബ്രസീല്‍ ടീമിന്റെ പരിശീലകനായി പോയതോടെ കഴിഞ്ഞ മെയ് മാസമാണ് അലോന്‍സോ റയലിന്റെ പരിശീലകനായി എത്തിയത്. വിനീഷ്യസ് ജൂനിയര്‍ പോലുള്ള കളിക്കാരുമായി അദ്ദേഹത്തിന്റെ തര്‍ക്കവും ലോക്കര്‍ റൂമിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതുമെല്ലാം സാബിയുടെ പുറത്താകലിന് കാരണമായി. മത്സരങ്ങള്‍ക്കിടയില്‍ പരിശീലകന്‍ തന്നെ മാറ്റി നിര്‍ത്തിയതായി വിനീഷ്യസും മറ്റുള്ളവരും ഒന്നിലധികം തവണ പരാതിപ്പെട്ടു. വിവിധ ക്ലബ്ബുകിലും 2010 ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലും സാബി അലോന്‍സോയ്ക്ക് ഒപ്പം ഒരുമിച്ചു കളിച്ചിട്ടുള്ളയാളാണ് അല്‍വാരോ. അവര്‍ മാഡ്രിഡ്, ലിവര്‍പൂള്‍, സ്‌പെയിന്‍ എന്നീ ടീമുകളുടെ സഹതാരങ്ങളായിരുന്നു.

42 കാരനായ അര്‍ബെലോവ ജൂണ്‍ മുതല്‍ റയലിന്റെ ബി ടീമിനെ പരിശീലിപ്പിച്ചിരുന്നു. ക്ലബ്ബില്‍ യൂത്ത് ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചു. ഒരു കളിക്കാരനെന്ന നിലയില്‍, 2009-16 ല്‍ മാഡ്രിഡിനെ എട്ട് കിരീടങ്ങള്‍ നേടാന്‍ പുതിയ പരിശീലകന്‍ അര്‍ബെലോവ സഹായിച്ചു, അതില്‍ രണ്ട് യൂറോപ്യന്‍ കപ്പുകളും ഒരു സ്പാനിഷ് ലീഗും ഉള്‍പ്പെടുന്നു. 2010 ലോകകപ്പും 2008, 2012 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളും നേടിയ സ്പാനിഷ് ടീമില്‍ അംഗമായിരുന്നു അര്‍ബെലോവ. 44 കാരനായ അലോണ്‍സോ അതേ സ്‌പെയിന്‍ ടീമിലും 2014 ചാമ്പ്യന്‍സ് ലീഗ് നേടിയ മാഡ്രിഡ് ടീമിലും അംഗമായിരുന്നു. 2009-14 ല്‍ മാഡ്രിഡിനൊപ്പം ആറ് കിരീടങ്ങള്‍ നേടി.

അലോന്‍സോയ്ക്ക് കീഴില്‍ റയല്‍ കളിച്ച 34 മത്സരങ്ങളില്‍ 24 എണ്ണത്തില്‍ വിജയിച്ചു, ആറ് തോല്‍വികളും നാല് സമനിലകളും ടീം നേടിയിരുന്നു. ഒക്ടോബറില്‍ സീസണിലെ ആദ്യ ക്ലാസിക്കോയില്‍ മാഡ്രിഡ് 2-1ന് വിജയിച്ചു, പക്ഷേ ലാ ലിഗയുടെ പകുതിയില്‍ ബാഴ്സലോണയേക്കാള്‍ നാല് പോയിന്റ് പിന്നിലാണ്. ടീമിന്റെ അടുത്ത മത്സരം ബുധനാഴ്ച അല്‍ബാസെറ്റെയില്‍ കോപ്പ ഡെല്‍ റേ റൗണ്ട് ഓഫ് 16 ല്‍ ആണ്.

Ads by Google
Ads by Google
TRENDING NOW