-->
മെഡലിന്‍: കൊളംബിയന്‍ പോപ്പ് താരം യെസണ്‍ ജിമെനെസ് ( 34) സ്വപ്‌നം കണ്ടതുപോലെ തന്നെ വിമാനം തകര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട്. സംഗീത പരിപാടിക്കായി മെഡെലിനിലേക്ക് യാത്ര ചെയ്യുന്നതിനിടെ കൊളംബിയയിലെ പൈപ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടം. വിമാന പൈലറ്റ് ക്യാപ്റ്റന്‍ ഹെര്‍ണാണ്ടോ ടോറസ്, യാത്രക്കാരായ ജുവാന്‍ മാനുവല്‍ റോഡ്രിഗസ്, ഓസ്‌കാര്‍ മാരിന്‍, ജെഫേഴ്‌സണ്‍ ഒസോറിയോ, ജിമെനെസ് എന്നിവരുള്‍പ്പെടെ അഞ്ച് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും അപകടത്തില്‍ കൊല്ലപ്പെട്ടു.
ഞങ്ങള്‍ ഒരു വിമാനപകടത്തില്‍ പെടുന്നതായി താന്‍ സ്വപ്‌നം കണ്ടതായി യെസണ്‍ ജിമെനെസ് കൊളംബിയന്‍ ടിവി ചാനലായ കാരക്കോളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിമാന അപകടത്തില്‍ പെടാന്‍ പോവുകയാണെന്ന് മനസ്സിലാക്കിയ താന്‍ പൈലറ്റിനോട് ദിശ മാറ്റാന്‍ പറഞ്ഞതായിട്ടാണ് താരം അന്ന് പറഞ്ഞത്.
മറ്റൊരു സ്വപ്‌നത്തില്‍ താനും സഹയാത്രികരും വിമാനപകടത്തില്‍ കൊല്ലപ്പെടുന്നതായി കണ്ടു. ഇത്തരം സ്വപ്നങ്ങള്‍ മൂന്നാം തവണയാണ് കണ്ടത്. ഈ സ്വപ്നങ്ങള്‍ ദൈവം നല്‍കുന്ന മുന്നറിയിപ്പായിട്ടാണ് കാണുന്നത്. പക്ഷേ ഇത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് മനസ്സിലായില്ലെന്നും യെസണ്‍ ജിമെനെസ് മുന്‍പ് വ്യക്തമാക്കിയിരുന്നു.