-->
ലണ്ടന്‍: ലണ്ടനില്‍ പ്രാവിന് തീറ്റ കൊടുത്ത യുവതിയുടെ കയ്യില്‍ വിലങ്ങു വച്ച പോലീസ് നടപടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായി. ബുധനാഴ്ച ഹാരോയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ വഴിയാത്രക്കാരന്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയായിരുന്നു. പോലീസും കൗണ്‍സില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
പബ്ലിക് സ്‌പേസസ് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി 100 പൗണ്ട് യുവതിക്ക് പിഴ ചുമത്തുകയും ചെയ്തു. അല്‍പനേരം പോലീസ് വാനിന്റെ പിന്നില്‍ നിര്‍ത്തിയെങ്കിലും പിന്നീട് യുവതിയെ വിട്ടയച്ചു. പക്ഷികള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കും ഇവിടെ വെച്ച് തീറ്റ നല്‍കുന്നത് നിരോധിച്ചിട്ടുണ്ടെന്നാണ് ഹാരോ ടൗണ്‍ ആന്‍ഡ് ഡിസ്ട്രിക്റ്റ് സെന്റര്‍ അറിയിച്ചിരിക്കുന്നത്. ഭിക്ഷാടനം, പൊതു ഇടങ്ങളില്‍ വാണിജ്യ മാലിന്യങ്ങള്‍ ഉപേക്ഷിക്കല്‍ എന്നിവയും ഇവിടെ നിരോധിച്ചിട്ടുണ്ട്.