-->
ട്രെയിന്‍ യാത്രകളില്‍ സീറ്റിനെ ചൊല്ലി യാത്രക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത് ഒരു പുതിയ സംഭവമല്ല. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഏറ്റവും ഒടുവില്‍ മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ നിന്നുള്ള ഒരു വിഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയാകുന്നത്. ട്രെയിനിലെ സീറ്റില്‍ കാലുകയറ്റി വച്ചതിന് യാത്രക്കാരനെ മറ്റൊരാള്‍ മുഖത്തടിക്കുന്നതാണ് വിഡിയോ. മറാത്തിയില്‍ സംസാരിച്ച ശേഷമാണ് നില്‍ക്കുന്ന ആള്‍ സീറ്റില്‍ ഇരിക്കുന്ന ആളുടെ മുഖത്ത് അപ്രതീക്ഷിതമായി അടിക്കുന്നത്
ട്രെയിനിലെ സീറ്റ് യാത്രക്കാര്‍ക്ക് ഇരിക്കാനുള്ളതാണ്. കാല്‍ കയറ്റി വയ്ക്കാനുള്ളതല്ലെന്ന് അടിച്ചയാള്‍ പറയുന്നതും വിഡിയോയിലുണ്ട്. സീറ്റില്‍ കാല്‍ കയറ്റി വച്ച വ്യക്തി മാപ്പു പറയണമെന്നും സമൂഹമാധ്യമത്തില്‍ ആവശ്യം ഉയര്‍ന്നു. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങള്‍ക്കകം തന്നെ വിഡിയോ ശ്രദ്ധനേടി. വിഡിയോയ്ക്കു താഴെ മര്‍ദിച്ചയാളുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി.
ഇരിക്കാനുള്ള സ്ഥലത്ത് കാല്‍ കയറ്റിവയ്ക്കുന്നതിനെ അനുകൂലിക്കാനാകില്ല. പൗരധര്‍മത്തെ കുറിച്ച് അയാള്‍ക്ക് ബോധവത്കരണം നടത്തിയത് ശരിയാണെന്നായിരുന്നു ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. എന്നാല്‍ പൊതുസ്ഥലത്ത് ഒരാളെ മര്‍ദിക്കുന്നത് കുറ്റകൃത്യമാണ്. നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കുന്നതിനെ അനുകൂലിക്കാനാകില്ലെന്നും ഒരു വിഭാഗം വിമര്‍ശിച്ചു. മറാത്തി സംസാരിക്കുന്ന വ്യക്തി തന്റെ പൗരധര്‍മത്തെ കുറിച്ച് ബോധവാനല്ല. അയാളുടെ അസ്വസ്ഥത മറ്റുള്ളവരുടെ മേല്‍ തീര്‍ക്കുകയാണ് ചെയ്തതെന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാള്‍ കമന്റ് ചെയ്തത്.