-->
റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യാന്‍ പോകുന്ന പാക്കിംഗ് ലേബര്‍ വിഭാഗക്കാര്‍ക്ക് ഇനി തൊഴില്‍ വിസ സ്റ്റാമ്പിങ്ങിന് മുന്‍പ് പരീക്ഷ പാസാകണം. ഇതുവരെ പരീക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്ന ഈ പ്രൊഫഷനെയും പരീക്ഷാ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി. ജനുവരി 4 മുതല്‍ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരും.
പുതിയ തീരുമാനം പ്രകാരം, പാക്കിംഗ് മേഖലയിലെ ജോലികള്‍ തേടുന്നവര്‍ അംഗീകൃത പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് യോഗ്യതാ പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കേണ്ടതായിരിക്കും. സൗദി അറേബ്യ നടപ്പിലാക്കുന്ന ‘പ്രൊഫഷണല്‍ വെരിഫിക്കേഷന്‍’ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഇതിനകം തന്നെ ആയിരത്തിലധികം തൊഴില്‍ വിഭാഗങ്ങളില്‍ പരീക്ഷയും സര്‍ട്ടിഫിക്കറ്റ് പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
മുന്‍പ് ലേബര്‍, ലോഡിങ്–അണ്‍ലോഡിങ് തുടങ്ങിയ വിസകള്‍ക്കാണ് പരീക്ഷ നിര്‍ബന്ധമായിരുന്നത്. പാക്കിംഗ് മേഖലയെ അതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ തൊഴില്‍ മേഖലയിലെ ഗുണനിലവാരം ഉയര്‍ത്താനും പ്രൊഫഷണല്‍ നിലവാരം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ഇപ്പോള്‍ ആ ഒഴിവ് നീക്കിയതായി റിക്രൂട്ട്‌മെന്റ് രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു.
സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ പരിഷ്‌കരണങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍, കേരളം ഉള്‍പ്പെടെ, പരീക്ഷാ കേന്ദ്രങ്ങളും പരിശീലന സംവിധാനങ്ങളും ഇതിനകം ഒരുക്കിയിട്ടുണ്ട്. നേരത്തെ ഇലക്ട്രീഷ്യന്‍, പ്ലംബര്‍, വെല്‍ഡര്‍ തുടങ്ങിയ ജോലികള്‍ക്കായിരുന്നു കേരളത്തില്‍ പരീക്ഷാ സൗകര്യം. ഇപ്പോള്‍ നിര്‍മാണം, വര്‍ക്ക്‌ഷോപ്പ്, ഫുഡ് സെര്‍വീസ്, ഷെഫ്, തട്ടാന്‍, പൈപ്പ് ഇന്‍സ്റ്റാളര്‍ തുടങ്ങി കൂടുതല്‍ പ്രൊഫഷനുകള്‍ക്കും ഇവിടെ പരീക്ഷ എഴുതാന്‍ കഴിയും.
ചില പ്രത്യേക തൊഴില്‍ വിഭാഗങ്ങള്‍ക്ക് മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലെ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരും. നിലവില്‍ ഏജന്‍സികള്‍ മുഖേനയാണ് പരീക്ഷാ നടപടികള്‍ ക്രമീകരിക്കുന്നത്. പരീക്ഷ വിജയിച്ച ശേഷം വി.എഫ്.എസ് വഴി ബയോമെട്രിക് പൂര്‍ത്തിയാക്കി വിസ സ്റ്റാമ്പിങ് നടത്താം. പരീക്ഷ വിജയിക്കുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.
ഇ.കെ. ബാദ്ഷാ