Saturday, March 14, 2026 Last Updated 12 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 12.48 PM

ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ; പ്രതിസന്ധിഘട്ടത്തിലെ കരുതലിന് നന്ദി പറഞ്ഞ് ഇന്ത്യൻ അംബാസഡർ വിപുൽ

uploads/news/2026/03/830176/vipul-n.jpg

​ദോഹ: മേഖലയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യത്തിൽ ഖത്തർ ഭരണകൂടം നൽകുന്ന പിന്തുണയ്ക്കും സുരക്ഷയ്ക്കും നന്ദി അറിയിച്ച് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ. ഖത്തർ നേരിടുന്ന വെല്ലുവിളികളിൽ ഇന്ത്യ ഖത്തറിനൊപ്പം ശക്തമായി നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചതുമുതൽ ഖത്തറിലെ ഇന്ത്യൻ സമൂഹം ഉൾപ്പെടെയുള്ളവരുടെ ക്ഷേമം ഉറപ്പാക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും ഭരണകൂടവും നടത്തുന്ന പ്രവർത്തനങ്ങളെ ഇന്ത്യൻ സ്ഥാനപതി പ്രശംസിച്ചു.

അക്രമണങ്ങൾ ഉണ്ടാകുന്ന സമയത്ത് ആഭ്യന്തര മന്ത്രാലയം നൽകുന്ന കൃത്യമായ മുൻകരുതലുകളും മൊബൈൽ അലാറങ്ങളും ജനങ്ങളുടെ ആശങ്ക കുറയ്ക്കാൻ സഹായിക്കുന്നു. ഖത്തറിനെ സംരക്ഷിക്കുന്ന സൈനികർക്ക് അദ്ദേഹം നന്ദി പറഞ്ഞു.ദോഹ വഴി ട്രാൻസിറ്റ് യാത്ര ചെയ്തിരുന്ന ആയിരക്കണക്കിന് ഇന്ത്യൻ യാത്രക്കാർ കുടുങ്ങിയപ്പോൾ അവർക്ക് ഹോട്ടൽ താമസവും ഭക്ഷണവും ഒരുക്കിയ ഖത്തർ എയർവേയ്‌സിന്റെ നടപടി സമാനതകളില്ലാത്തതാണെന്ന് അംബാസഡർ പറഞ്ഞു. ഇതിനോടകം 3,400-ഓളം ഇന്ത്യക്കാർ ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.വിതരണ ശൃംഖലകളിൽ തടസ്സമുണ്ടായിട്ടും രാജ്യത്ത് മരുന്നുകൾക്കോ ഭക്ഷണത്തിനോ ക്ഷാമം അനുഭവപ്പെടാത്തത് ഖത്തറിന്റെ മികച്ച നേതൃത്വത്തിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിക്കുകയും അമീറുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഊർജ്ജ-ഭക്ഷ്യ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമായി തുടരുമെന്നും അംബാസഡർ അറിയിച്ചു.ഖത്തറിലെ ഇന്ത്യൻ സമൂഹവുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിൽ, ഖത്തർ തങ്ങൾക്ക് നൽകുന്ന സ്നേഹത്തിനും കരുതലിനും അവർ വലിയ നന്ദി അറിയിച്ചതായും അംബാസഡർ പ്രസ്താവനയിൽ പറഞ്ഞു. ഖത്തറിലും മേഖലയിലും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW