-->
ദോഹ: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാന് വിടചൊല്ലാനൊരുങ്ങി ഖത്തറിലെ വിശ്വാസികൾ. ആത്മവിശുദ്ധിയുടെയും ത്യാഗത്തിന്റെയും ദിനരാത്രങ്ങൾക്കൊടുവിൽ എത്തിയ ഈ റമദാനിലെ അവസാന വെള്ളിയാഴ്ച ഖത്തറിലെ മസ്ജിദുകളിൽ വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ചെടുത്ത ആത്മചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുമെന്ന ഉറച്ച തീരുമാനത്തോടെയാണ് വിശ്വാസികൾ ജുമുഅ നമസ്‌കാരത്തിന് ഒത്തുകൂടിയത്.പലരും നേരത്തെ തന്നെ പള്ളികളിലെത്തി ഖുർആൻ പാരായണത്തിലും സുന്നത്ത് നമസ്‌കാരങ്ങളിലും മുഴുകി. നഗരപ്രദേശങ്ങളിലെ പള്ളികളിൽ ജനത്തിരക്ക് കാരണം മുറ്റത്തേക്കും റോഡരികിലേക്കും നമസ്‌കാര നിരകൾ നീണ്ടു. ദാനധർമ്മങ്ങൾ വർദ്ധിപ്പിക്കാനും ഫിത്വർ സക്കാത്ത് കൃത്യസമയത്ത് നൽകാനും വിശ്വാസികളെ ഇമാമുമാർ ഓർമ്മിപ്പിച്ചു.
ഖുതുബ പ്രസംഗങ്ങളിൽ യുദ്ധക്കെടുതി അനുഭവിക്കുന്നവരുടെ വേദനകൾ പരാമർശിക്കപ്പെട്ടു.ദുആകളിൽ സമാധാനത്തിനും സുരക്ഷയ്ക്കുമായി ആയിരങ്ങൾ കണ്ണീരോടെ ആമീൻ ചൊല്ലി.അടിച്ചമർത്തപ്പെട്ടവരുടെയും ആലംബഹീനരുടെയും സംരക്ഷണത്തിനായി വിശ്വാസികൾ പടച്ചതമ്പുരാനോട് പ്രാർത്ഥിച്ചു.ആത്മവിശുദ്ധീകരണത്തിന്റെ മാസമായ റമദാനിലൂടെ
നേടിയെടുത്ത വിനയവും കാരുണ്യവും തുടർന്നുള്ള ജീവിതത്തിലും മുറുകെ പിടിക്കണമെന്ന് ഇമാമുമാർ ഉദ്ബോധിപ്പിച്ചു. മലയാളികൾക്കായി വിവിധ പള്ളികളിൽ മലയാളം ഖുതുബ പരിഭാഷകളും സംഘടിപ്പിച്ചിരുന്നു. പാപമോചനത്തിന്റെ ഈ ദിനങ്ങളിൽ ലോകസമാധാനത്തിനായി പ്രാർത്ഥിച്ചും ദാനധർമ്മങ്ങളിൽ ഏർപ്പെട്ടും റമദാനോട് വിടചൊല്ലാൻ വിശ്വാസികൾ തയ്യാറെടുത്തു കഴിഞ്ഞു.
ഷഫീക്ക് അറയ്ക്കൽ