-->
ദോഹ: മേഖലയിലെ അശാന്തമായ സാഹചര്യങ്ങളിലും രാജ്യത്തെ ഓരോ വ്യക്തിയുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രിയും ലെഖ്‌വിയ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി. ജനങ്ങളുടെ സുരക്ഷ എന്നത് ഭരണകൂടത്തെ സംബന്ധിച്ച് മറികടക്കാനാവാത്ത 'റെഡ് ലൈൻ' ആണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സംഘർഷങ്ങളിൽ പരിക്കേറ്റ 26 പേർക്കും മികച്ച ചികിത്സ ഉറപ്പാക്കി വരുന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഒൻപത് മാസത്തേക്കുള്ള അവശ്യ മരുന്നുകളും ഒരു വർഷത്തേക്കുള്ള മെഡിക്കൽ സാമഗ്രികളും രാജ്യത്ത് സ്റ്റോക്കുണ്ട്.ഇൻഡസ്ട്രിയൽ സിറ്റിയിലെ ഇന്ധന ടാങ്കിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം വായുവിലും കടൽജലത്തിലും മലിനീകരണമില്ലെന്ന് ശാസ്ത്രീയമായി ഉറപ്പുവരുത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന മോണിറ്ററിംഗ് സംവിധാനം വഴി ഇത് നിരീക്ഷിക്കുന്നുണ്ട്. ബുസംറ അതിർത്തി വഴിയുള്ള യാത്രക്കാരുടെ വരവ് സുരക്ഷിതമാക്കി.
താൽക്കാലിക വ്യോമപാതകൾ ഉപയോഗിച്ച് 7,000 വിദേശികളെ സുരക്ഷിതമായി അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ സഹായിച്ചു.'വതൻ' എക്സർസൈസിലൂടെ നേരത്തെ തന്നെ പ്രാബല്യത്തിലുള്ള നാഷണൽ വാണിംഗ് സിസ്റ്റം ഇപ്പോൾ കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ട്. അടിയന്തര നിർദ്ദേശങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ ഇത് സഹായിക്കുന്നു.നിലവിലെ വർക്ക് ഫ്രം ഹോം (Remote work) സംവിധാനത്തിൽ മാറ്റമില്ല. മാറ്റങ്ങൾ വരികയാണെങ്കിൽ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും ആഭ്യന്തര മന്ത്രിപറഞ്ഞു.പ്രതിസന്ധി ഘട്ടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിക്കുന്ന സ്വദേശികളുടെയും പ്രവാസികളുടെയും പക്വതയാർന്ന നിലപാടിനെ അദ്ദേഹം പ്രശംസിച്ചു. പ്രതിരോധ-ആരോഗ്യ മേഖലകളിലെ പ്രവർത്തകരുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും ഏതൊരു വെല്ലുവിളിയെയും അതിജീവിക്കാൻ ഖത്തർ സജ്ജമാണെന്നും ഷെയ്ഖ് ഖലീഫ അൽ താനി കൂട്ടിച്ചേർത്തു.
ഷഫീക്ക് അറയ്ക്കൽ