-->
ദോഹ: ഒരാഴ്ചയായി തുടരുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്. ഖത്തർ, സൗദി അറേബ്യ, യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾക്ക് നേരെയുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ അവസാനിപ്പിക്കുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചേർന്ന ഇറാൻ്റെ ഇടക്കാല നേതൃത്വ കൗൺസിൽ (Interim Leadership Council) ഈ തീരുമാനത്തിന് അംഗീകാരം നൽകി.അയൽരാജ്യങ്ങളുടെ മണ്ണിൽ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടാകാത്തിടത്തോളം കാലം ആ രാജ്യങ്ങളെ ഇനി ലക്ഷ്യം വെക്കില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിലുണ്ടായ ആക്രമണങ്ങളിലും നാശനഷ്ടങ്ങളിലും ഇറാൻ പ്രസിഡന്റ് ഔദ്യോഗികമായി ക്ഷമാപണം നടത്തി.
ഈ രാജ്യങ്ങളിൽ അമേരിക്കൻ സൈനിക സാന്നിധ്യമുള്ളതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു ഇറാന്റെ മുൻ നിലപാട്.അതേസമയം
യുദ്ധം തുടരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് ഖത്തർ ഊർജ്ജ മന്ത്രി സാദ് അൽ കാബി മുന്നറിയിപ്പ് നൽകി.യുദ്ധത്തിൻ്റെ ആദ്യ വാരത്തിൽ ഏകദേശം 1,200 ഇറാനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കുവൈറ്റിലെ അമേരിക്കൻ കമാൻഡ് സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ ആറ് അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടു.
സൗദി അറേബ്യ, ഖത്തർ, യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ എന്നീ ജിസിസി രാജ്യങ്ങൾക്ക് പുറമെ ഇറാഖ്, ജോർദാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളും യുദ്ധത്തിൻ്റെ പ്രത്യാഘാതങ്ങൾ നേരിടുന്നുണ്ട്.ഇറാൻ്റെ പുതിയ പ്രഖ്യാപനത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും ഹമദ് വിമാനത്താവളത്തിൻ്റെയും പുതിയ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർ.
കഴിഞ്ഞദിവസം ഖത്തറിൽ നിന്നും സൗദിവഴി റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് യാത്രചെയ്യേണ്ടവരുടെ സൗദി എയർലൈൻസ് വിമാനം രണ്ട് തവണ റി ഷെഡ്യൂൾ ചെയ്തു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രാസംഘം റിയാദിലെ ഹോട്ടലിൽ കുടുങ്ങി കിടക്കുകയാണ്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3:30 നു പുറപ്പെടുമെന്നാണ് ഏറ്റവും പുതിയ വിവരം.എന്നാൽ കഴിഞ്ഞദിവസങ്ങളിൽ കൊച്ചിയടക്കമുള്ള സ്ഥലങ്ങളിലേക്ക് റിയാദിൽ നിന്നും ഇതേ എയർ ലൈൻസ് സർവീസ് നടത്തിയിരുന്നു. ഖത്തറിലെ അക്ബർ ട്രാവൽസ് വഴി ചാർട്ടർ ചെയ്തവിമാനമാണ് രണ്ടു തവണ റി ഷെഡ്യുൾ ചെയ്തതിനാൽ യാത്രക്കാർ പ്രതിസന്ധിനേരിടുന്നത്.
ഷഫീക്ക് അറയ്ക്കൽ