-->
ജിദ്ദ: വരാനിരിക്കുന്ന ഹജ്ജ് സീസണിനായുള്ള തയ്യാറെടുപ്പുകൾ ഈവണ പതിവിനേക്കാൾ മുമ്പേ ശക്തമാക്കി സൗദി ഹജ്ജ്–ഉംറ മന്ത്രാലയം. തീർത്ഥാടകർക്ക് യാത്രയുടെ ആരംഭം മുതൽ സമാപനം വരെ സുസ്ഥിരവും സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബഹുമുഖ പദ്ധതികളാണ് നടപ്പാക്കുന്നത്.
നേരിട്ടുള്ള ഹജ്ജ് എൻട്രി സംവിധാനത്തിലൂടെ ഇതുവരെ 90,000-ത്തിലധികം പേർ പേര് ചേർത്തതായി മന്ത്രാലയം അറിയിച്ചു. പുണ്യസ്ഥലങ്ങളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളിൽ 77 ശതമാനത്തിലേറെ നടപടികൾ പൂർത്തിയായി. താമസസൗകര്യങ്ങളും ഭക്ഷണവിതരണവും ഉൾപ്പെടുന്ന കരാറുകൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്.
ഹജ്ജ് സീസണിൽ സേവനമനുഷ്ഠിക്കാൻ താൽപ്പര്യമുള്ളവരുടെ രജിസ്‌ട്രേഷൻ പൂർത്തിയായതോടെ, സാമൂഹിക ഉത്തരവാദിത്ത പദ്ധതികളിലേക്കുള്ള അപേക്ഷകൾ ഇപ്പോഴും സ്വീകരിച്ചുവരുന്നു. തീർത്ഥാടകരുടെ യാത്രാനുഭവം കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കാൻ ഡിജിറ്റൽ മേഖലയിലും നിർണായക പുതുക്കലുകൾ നടപ്പാക്കി. വിദേശ തീർത്ഥാടകർക്ക് സേവനം നൽകുന്ന ഏജൻസികൾക്കായി പുതുക്കിയ ഒരു ഏകീകൃത ഡിജിറ്റൽ സംവിധാനം പ്രവർത്തനക്ഷമമാക്കി.
സന്ദർശനങ്ങളും അനുബന്ധ സേവനങ്ങളും ഏകോപിപ്പിക്കാൻ ‘നുസ്‌ക് മസാർ’ പ്ലാറ്റ്‌ഫോമിൽ 503 ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങൾ സജീവമാക്കിയിട്ടുണ്ട്. ഇവിടങ്ങളിലെ ജീവനക്കാരുടെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിനായി പ്രത്യേക പരിശീലന പരിപാടികളും ആരംഭിച്ചിട്ടുണ്ട്.
ഹജ്ജ് നടപടിക്രമങ്ങളെ കൂടുതൽ ക്രമബദ്ധമാക്കുകയും സേവനങ്ങളുടെ നിലവാരം അന്താരാഷ്ട്ര മാനദണ്ഡങ്ങളിലേക്കുയർത്തുകയും ചെയ്യുന്നതാണ് ലക്ഷ്യമെന്ന് മന്ത്രാലയം ‘എക്‌സ്’ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
-ഇ.കെ. ബാദ്ഷാ