കുവൈത്ത്‌സിറ്റി: ഇന്ത്യ-കുവൈത്ത് തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' ടൂറിസം പ്രമോഷന്‍ ക്യാമ്പയിന്‍ കുവൈത്തില്‍ ആരംഭിച്ചു. ഒരു മാസം നീണ്ട് നില്‍ക്കുന്ന ക്യാമ്പയിന്‍ കുവൈത്ത് ടവറിന് മുന്‍വശത്ത് വച്ച് കുവൈത്തിലെ നിയുക്ത സ്ഥാനപതി പരമിത ത്രിപതിയും കുവൈത്ത് ടൂറിസ്റ്റ് എന്റര്‍പ്രൈസസ് കമ്പനി (ടി.ഇ.സി) സിഇഒ അന്‍വര്‍ അബ്ദുല്ല അല്‍-ഹുലൈലയും ചേര്‍ന്ന് ഉദ്ദ്ഘാടനം ചെയ്തു.
ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പതിച്ച 20 ബസുകള്‍ ഒരു മാസക്കാലം കുവൈത്ത് നിരത്തുകളില്‍ പര്യടനം നടത്തും.
2024 ഡിസംബര്‍ 21-22 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദര്‍ശന വേളയില്‍ ഇന്ത്യ-കുവൈറ്റ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് സ്ഥാപിതമായതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ടൂറിസം പ്രമോഷന്‍ ക്യാമ്പയിന്‍.
കേരളത്തിലെ കായല്‍ ഭംഗി, മൂന്നാര്‍, ലഡാക്ക്, കാശ്മീര്‍, രാജസ്ഥാനിലെ കൊട്ടാരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തുകൊണ്ടാണ് ക്യാമ്പയിന് തുടക്കമിട്ടത്.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അംബാസഡര്‍ പരമിത ത്രിപതി കുവൈത്ത് ടവര്‍ പരിസരത്ത് വേപ്പിന്‍ തൈ നട്ടു. പ്രധാനമന്ത്രിയുടെ 'ഏക് പേഡ് മാ കേ നാം' (ഒരു തൈ അമ്മയ്ക്കായി) പദ്ധതിയുടെ ഭാഗമായാണിത്.
കുവൈത്ത് സ്വദേശികള്‍ക്കായി അടുത്തിടെ അവതരിപ്പിച്ച ഇ-വിസ സൗകര്യം യാത്ര സുഗമമാക്കാനും,ഇന്ത്യയുടെ ടൂറിസം മേഖലയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.
വരുന്ന യാത്രാ സീസണില്‍ കുവൈത്ത് വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യയെ പ്രിയപ്പെട്ട സ്ഥലമായി മാറ്റാനുള്ള ഇന്ത്യന്‍ എംബസിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ ബസ് ക്യാമ്പയിന്‍.
ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി മത്സരവും ഒരുക്കിയിട്ടുണ്ട്. ഇന്‍ക്രെഡിബിള്‍ ഇന്ത്യ ബസുകളുടെ ഫോട്ടോ എടുത്ത് എംബസിയെ ടാഗ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ലഭിക്കും.