-->
ദോഹ: രാജ്യത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണം പ്രതിരോധ സേന തകർത്തതിന് പിന്നാലെ, തകർന്നു വീണ മിസൈൽ അവശിഷ്ടങ്ങളോ ചില്ലുകളോ (Shrapnel) സ്പർശിക്കരുതെന്ന് പൊതുജനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്. ഇത്തരം വസ്തുക്കൾ നേരിട്ട് കൈകാര്യം ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ഔദ്യോഗിക അന്വേഷണത്തെ ബാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്ഫോടനത്തിന്റെയോ ഘർഷണത്തിന്റെയോ ഫലമായി വീണുകിടക്കുന്ന അവശിഷ്ടങ്ങൾക്ക് കഠിനമായ ചൂടുണ്ടാകാൻ സാധ്യതയുണ്ട്. ഇവ തൊടുന്നത് ഗുരുതരമായ പൊള്ളലിന് കാരണമാകും,അവശിഷ്ടങ്ങളുടെ വശങ്ങൾ ക്രമരഹിതവും അങ്ങേയറ്റം മൂർച്ചയുള്ളതുമായിരിക്കും. ഇത് തൊടുകയോ നീക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് ആഴത്തിലുള്ള മുറിവുകൾക്കും രക്തസ്രാവത്തിനും വഴിവെക്കും,മിസൈലിലുണ്ടായിരുന്ന ഇന്ധനത്തിന്റെയോ മറ്റ് രാസവസ്തുക്കളുടെയോ അംശം അവശിഷ്ടങ്ങളിൽ ഉണ്ടാകാം.
ചർമ്മവുമായി സമ്പർക്കത്തിൽ വരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും അലർജിക്കും കാരണമാകും,വീണുകിടക്കുന്ന എല്ലാ ഭാഗങ്ങളും പൂർണ്ണമായി സ്ഫോടനം നടന്നവയാകണമെന്നില്ല. ചില ഭാഗങ്ങൾ അസ്ഥിരമായി തുടരാനും അവയിൽ സ്പർശിക്കുന്നത് പെട്ടെന്നുള്ള പൊട്ടിത്തെറിയിലേക്ക് നയിക്കാനും സാധ്യതയുണ്ട്,ഭാരമേറിയ ലോഹങ്ങൾ, എണ്ണകൾ, വ്യാവസായിക വസ്തുക്കൾ എന്നിവയാൽ മലിനമായ ഈ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നത് ചർമ്മത്തിനും പരിസ്ഥിതിക്കും ദോഷകരമാണ്,സംഭവസ്ഥലത്തെ തെളിവുകൾ ശാസ്ത്രീയമായി വിശകലനം ചെയ്യേണ്ടതുണ്ട്. അവശിഷ്ടങ്ങൾ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് ആക്രമണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പ്രത്യേക സംഘത്തിന്റെ (Specialized Teams) അന്വേഷണത്തെ തടസ്സപ്പെടുത്തുംഎന്നിവയാണ് ആഭ്യന്തരമന്ത്രാലയം ജാഗ്രതപാലിക്കാനായി മുന്നറിയിപ്പ് നൽകുന്നത്. അസാധാരണമായ എന്തെങ്കിലും വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ അവയിൽ തൊടാതെ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
ഷഫീക്ക് അറയ്ക്കൽ