-->
ദോഹ: മിഡിൽ ഈസ്റ്റിലെ സംഘർഷഭരിതമായ സാഹചര്യത്തെത്തുടർന്ന് 10 ദിവസമായി ദോഹയിൽ കുടുങ്ങിക്കിടന്ന ഇന്ത്യൻ പുരുഷ സീനിയർ നാഷണൽ ബാസ്കറ്റ്ബോൾ ടീം ഒടുവിൽ നാടണഞ്ഞു.2027-ലെ ഫിബ (FIBA) ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കായി ഖത്തറിലെത്തിയതായിരുന്നു ഇന്ത്യൻ സംഘം.
വിമാന സർവീസുകൾ പരിമിതമായതിനെത്തുടർന്ന് മാർച്ച് 8-ന് ദോഹയിൽ നിന്ന് റോഡ് മാർഗ്ഗമാണ് ടീം സൗദി അറേബ്യയിലെ ദമ്മാമിലെത്തിയത്. അവിടെ നിന്ന് രണ്ട് ഗ്രൂപ്പുകളായാണ് ടീം അംഗങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചത്
ഒന്നാമത്തെ സംഘംദമ്മാം - ജിദ്ദ - മുംബൈ റൂട്ടിൽ യാത്ര തിരിച്ച് ബുധനാഴ്ച പുലർച്ചെ 12:05-ന് മുംബൈയിലെത്തി.രണ്ടാമത്തെ സംഘം ദമ്മാമിൽ നിന്ന് നേരിട്ട് ലഖ്‌നൗവിലേക്ക് തിരിച്ച് ബുധനാഴ്ച രാവിലെ 5:15-ന് അവിടെ ലാൻഡ് ചെയ്തു.ടീമിന്റെ സുരക്ഷിതമായ മടക്കം ഉറപ്പാക്കാൻ ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (BFI) പ്രസിഡന്റും ജനറൽ സെക്രട്ടറിയും നിരന്തരം ഫിബ ഏഷ്യ (FIBA Asia) ഓഫീസുമായും ഭാരത സർക്കാരുമായും ഖത്തറിലെയും സൗദിയിലെയും ഇന്ത്യൻ എംബസികളുമായും ബന്ധപ്പെട്ടിരുന്നു. കളിക്കാരുടെ സുരക്ഷയ്ക്കായിരുന്നു മുൻഗണനയെന്ന് അധികൃതർ വ്യക്തമാക്കി.വെല്ലുവിളികൾ നിറഞ്ഞ ഈ സാഹചര്യത്തിൽ വിലമതിക്കാനാവാത്ത പിന്തുണ നൽകിയ ഫിബ ഏഷ്യ ഓഫീസ്, ഖത്തർ ബാസ്കറ്റ്ബോൾ ഫെഡറേഷൻ, ദോഹയിലെയും സൗദിയിലെയും ഇന്ത്യൻ എംബസികൾ എന്നിവർക്ക് ഇന്ത്യൻ ബാസ്കറ്റ്ബോൾ ഫെഡറേഷൻ നന്ദി പറഞ്ഞു . "ഒത്തൊരുമയോടെ നമ്മൾ കൂടുതൽ കരുത്തോടെ മുന്നോട്ട് നീങ്ങും" എന്ന് ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചു.2027-ലെ ഫിബ (FIBA) ബാസ്കറ്റ്ബോൾ ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടത്തിൽ ഖത്തറിനോട് ഇന്ത്യ പൊരുതി തോൽക്കുകയായിരുന്നു.ലുസൈൽ മൾട്ടി പർപ്പസ് ഹാളിൽ നടന്ന ആവേശപ്പോരാട്ടത്തിൽ 99–73 എന്ന സ്കോറിനാണ് ഖത്തർ ഇന്ത്യയെ പരാജയപ്പെടുത്തിയത്.ഇതിനുശേഷം ലെബനനെതിരെ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ നിർണ്ണായക മത്സരം മേഖലയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ വിമാന സർവീസുകൾ തടസ്സപ്പെട്ടതാണ് ടീമിന്റെ മടക്കയാത്ര അനിശ്ചിതത്വത്തിലായത്.ഇന്ത്യൻ എംബസിയുടെയും ഖത്തർ-സൗദി അധികൃതരുടെയും ഏകോപിത നീക്കത്തിനൊടുവിലാണ് ടീമിന് മടക്കയാത്ര സാധ്യമായത്.
ഷഫീക്ക് അറയ്ക്കൽ