-->
ദോഹ: മേഖലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസി ശക്തമാക്കി. ചൊവ്വാഴ്ച (മാർച്ച് 10) ഖത്തർ എയർവേയ്‌സ് നടത്തിയ പ്രത്യേക സർവീസുകളിലൂടെ ആയിരത്തോളം ഇന്ത്യൻ യാത്രികർ ന്യൂഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്ക് യാത്ര തിരിച്ചു.നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അടിയന്തര സാഹചര്യങ്ങളിലുള്ളവർക്കും മുൻഗണന നൽകിക്കൊണ്ട് ഖത്തർ എയർവേയ്‌സുമായി ചേർന്നാണ് എംബസി ഈ സൗകര്യം ഒരുക്കിയത്. മാനുഷിക പരിഗണന നൽകി യാത്രക്കാർക്ക് മുൻഗണന നൽകിയ വിമാനക്കമ്പനിക്ക് എംബസി നന്ദി അറിയിച്ചു. മാർച്ച് 11-ന് ന്യൂഡൽഹിയിലേക്ക് കൂടുതൽ വിമാന സർവീസുകൾ ഉണ്ടാകുമെന്നും എംബസി വ്യക്തമാക്കി.
വിമാനമാർഗ്ഗം സാധ്യമാകാത്തവർക്കായി സൗദി അറേബ്യയുമായി സഹകരിച്ച് റോഡ് മാർഗ്ഗമുള്ള യാത്രയും എംബസി ഏകോപിപ്പിക്കുന്നുണ്ട്. 96 മണിക്കൂർ കാലാവധിയുള്ള താൽക്കാലിക ട്രാൻസിറ്റ് വിസകൾ ഉപയോഗിച്ച് സൽവ അതിർത്തി വഴി ഇന്ത്യൻ പൗരന്മാരെ സൗദിയിലെത്തിക്കാനാണ് നീക്കം. ഖത്തറിൽ കുടുങ്ങിയ ഇന്ത്യൻ ദേശീയ ബാസ്കറ്റ്ബോൾ ടീമിനെ ഇത്തരത്തിൽ സൗദി വഴി സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഇതിനായി സഹകരിച്ച ഖത്തർ, സൗദി അധികൃതർക്ക് എംബസി നന്ദി രേഖപ്പെടുത്തി.ഇന്ത്യൻ പൗരന്മാരുടെ സഹായത്തിനായി എംബസിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) തുടങ്ങിയ സംഘടനകളുടെ ഹെൽപ്പ് ഡെസ്കുകളും സേവനനിരതമാണ്.സഹായം ആവശ്യമുള്ളവർക്ക് എംബസി കൺട്രോൾ റൂമുമായോ ഐ.സി.സി, ഐ.സി.ബി.എഫ് പ്രതിനിധികളുമായോ ബന്ധപ്പെടാവുന്നതാണ്.
ഷഫീക്ക് അറയ്ക്കൽ