Thursday, March 12, 2026 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 11.43 AM

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചു, മക്കള്‍ക്ക് വധഭീഷണി; സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് ഗായിക ചിന്മയി

chinmayi-sripada

സാമൂഹിക മാധ്യമ അക്കൗണ്ടില്‍ നിന്നും മോര്‍ഫ് ചെയ്ത ചിത്രം ലഭിച്ചതിനെക്കുറിച്ച് പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ. കഴിഞ്ഞ ഏതാനും ആഴ്ചകളായി സാമൂഹിക മാധ്യമങ്ങളില്‍ നിന്നും തനിക്കെതിരെ ഉണ്ടാകുന്ന ഓണ്‍ലൈന്‍ ഭീഷണികളെക്കുറിച്ചുളള വീഡിയോയും ചിന്മയി എക്‌സില്‍ പങ്കുവെച്ചു. ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ചിത്രത്തിനെക്കുറിച്ചുളള വിവരങ്ങള്‍ കൈമാറിയതായും ചിന്മയി വീഡിയോയില്‍ അറിയിച്ചു.

ചലച്ചിത്ര നിര്‍മാതാവും നടനുമായ ചിന്മയിയുടെ ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താലിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന് ശേഷമാണ് ഇത്തരം ഉപദ്രവങ്ങള്‍ വര്‍ധിച്ചതെന്ന് ചിന്മയി വിശദീകരിച്ചു. ഈ സംഭവത്തിനുശേഷമാണ് താനും കുടുംബവും നിരന്തരമായി ട്രോളിങിന് വിധേയരായത്. എക്‌സിലെ തന്റെ ഔദ്യോഗിക പേജില്‍ ചിത്രവും വീഡിയോയും പങ്കുവെച്ച ശേഷം പോലീസിനെ ടാഗ് ചെയ്തതായും നിയമനടപടി സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല വിഷയം എന്നും ചിന്മയി അറിയിച്ചു.

താന്‍ അപമാനിക്കപ്പെട്ടെന്നും കുട്ടികള്‍ക്ക് വധഭീഷണി ലഭിക്കുന്നതായും ചിന്മയി കൂട്ടിച്ചേര്‍ത്തു. എക്‌സില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ചിലര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. അവര്‍ക്ക് ഇഷ്ടമില്ലാത്ത സ്ത്രീകള്‍ അമ്മയാകരുതെന്നും കുട്ടികളുണ്ടായാല്‍ തന്നെ അവര്‍ മരിച്ചുപോകണം എന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഇതിനെതിരെയാണ് പ്രതികരിച്ചത്. മുന്‍പ് ഒരു ഗാനരചയിതാവിനെതിരെ പ്രതികരിച്ചതിന് ഇപ്പോഴും ഓണ്‍ലൈന്‍ ആക്രമണത്തിന് സാക്ഷിയാകാറുണ്ടെന്നും നിരവധി രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പണം വാങ്ങി തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതായും ചിന്മയി ആരോപിച്ചു.

പൊതു ഇടങ്ങളില്‍ നിന്നും സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ വേണ്ടി പുരുഷന്മാര്‍ ഇങ്ങനെ ചെയ്യാറുണ്ടെന്ന് സ്ത്രീകളെ അറിയിക്കാന്‍ വേണ്ടിയാണ് ഇത് പങ്കുവെച്ചതെന്നും ചിന്മയി വീഡിയോയില്‍ പറഞ്ഞു. തങ്ങളോട് ദേഷ്യമുളളതും പ്രതികാരം ചെയ്യാന്‍ ആഗ്രഹിക്കുന്നതുമായ പുരുഷന്മാര്‍ ഇങ്ങനെയാണ്.

ഡീപ് ഫെയ്ക്, എഐ എന്നിവ ഉപയോഗിച്ച് ചിലര്‍ സ്ത്രീകളെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുന്നത് പോലെയുളള കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുന്നതാണ് ഇത്തരത്തിലുളള സംഭവങ്ങളെന്നും ചിന്മയി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ തളരുന്ന തരത്തിലുളള സ്ത്രീ അല്ല താനെന്നും ചിന്മയി പറയുന്നു. ഇത്തരം കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടാണ് ചിന്മയി വീഡിയോ അവസാനിപ്പിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW