-->
വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന പലരും തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ രണ്ടര മാസം കുടുംബത്തോടൊപ്പം ഇന്ത്യയില്‍ ചെലവഴിച്ച ഒരു അമേരിക്കന്‍ യുവതി, ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരികവും സാമൂഹികവുമായ വ്യത്യാസങ്ങള്‍ കാണിച്ചുകൊണ്ട് ഷെയര്‍ ചെയ്തിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യ തന്റെ രാജ്യത്തില്‍ നിന്നും വ്യത്യസ്തമാകുമെന്ന് തനിക്ക് അറിയാമായിരുന്നു, എന്നാല്‍ ഈ രണ്ട് രാജ്യങ്ങളും യഥാര്‍ത്ഥത്തില്‍ എത്രത്തോളം വ്യത്യസ്തമാകുമെന്ന് കൃത്യമായി അറിയില്ലായിരുന്നു എന്നാണ് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ അന്ന ഹാക്കെന്‍സണ്‍ പറയുന്നത്.
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ അന്ന വിശദമാക്കുന്നത്. ഭക്ഷണത്തിന്റെ കാര്യം മുതല്‍ ആളുകളുടെ സ്വഭാവം വരെ അന്നയുടെ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഹോണടിയെ കുറിച്ചാണ് അന്ന ആദ്യം പറയുന്നത്, ഇന്ത്യയില്‍ ഹോണടി വളരെ സാധാരണമാണ് എന്ന് പോസ്റ്റില്‍ പരാമര്‍ശിക്കുന്നു. അടുത്തതായി ഭക്ഷണത്തെ കുറിച്ചാണ് പറയുന്നത്, അമേരിക്കയില്‍ സ്‌പൈസി ഫുഡ് എന്നാല്‍ കുറച്ച് ചൂടുള്ള ഭക്ഷണമാണ്, എന്നാല്‍, ഇന്ത്യയില്‍ ദഹനപ്രശ്‌നം ഉണ്ടാക്കിയേക്കുന്ന ഭക്ഷണമാണ് എന്നവര്‍ പറയുന്നു. അമേരിക്കയില്‍ ആളുകള്‍ മറ്റുള്ളവരെ ഗൗനിക്കാറില്ല എന്നും ഇന്ത്യയില്‍ ആളുകള്‍ എല്ലാ കാര്യങ്ങളും ചോദിച്ചറിയുമെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.
അമേരിക്കയിലെ പോലെ ഇന്ത്യയില്‍ മാലിന്യം ഇടേണ്ടിടത്ത് ഇടില്ല എന്നും തോന്നുന്നിടത്താണ് ഇടുന്നത് എന്നും പോസ്റ്റില്‍ കാണാം. അമേരിക്കയില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കപ്പെടുന്നു, ഇന്ത്യയിലെ റോഡ് പുറത്തുള്ളവര്‍ക്ക് മനസിലാക്കാന്‍ സാധിക്കാത്ത അത്രയും കുഴപ്പം പിടിച്ചതാണ്. അമേരിക്കയില്‍ പല സീസണുകളും ഉണ്ടെങ്കിലും ഇന്ത്യയില്‍, ചൂട്, മഴ, കൊടും ചൂട് എന്നിവയാണ് ഉള്ളത്. അമേരിക്കയില്‍ പ്രധാനമായും കാത്തലിക് പള്ളികളാണ് ഉള്ളതെങ്കില്‍ ഇന്ത്യയില്‍ ഒരുപാട് അമ്പലങ്ങളും ഉത്സവങ്ങളും ഉണ്ട്. അമേരിക്കയില്‍ വലിയ ചെലവാണ്, ഇന്ത്യയില്‍ ജീവിക്കാന്‍ പറ്റുന്ന തരത്തിലാണ് ചെലവുകള്‍. അമേരിക്കയില്‍ ചെറിയ കുടുംബമാണ് എങ്കില്‍, ഇന്ത്യയില്‍ വിവിധ തലമുറകള്‍ ഒരേ കൂരയ്ക്ക് കീഴില്‍ കഴിയുന്നത് കാണാം. ഇത്രയും കാര്യങ്ങളാണ് അന്ന അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രധാന വ്യത്യാസമായി പറഞ്ഞിരിക്കുന്നത്.