-->
ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളില്‍ ഒന്നാണ് ബംഗളൂരു. പലപ്പോഴും ഇവിടുത്തെ ട്രാഫിക്ക് ബ്ലോക്കും, ജനജീവിതവും കുഴികള്‍ നിറഞ്ഞ റോഡുകളുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചാവിഷയമാകുന്നത്. ആശുപത്രിയില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥയാണ് ഈ വലിയ അപകടത്തിന് കാരണമായത് എന്നാണ് യുവാവ് കുറ്റപ്പെടുത്തുന്നത്. അപകടത്തില്‍ പെട്ട യുവാവിന്റെ സുഹൃത്തായ ഖ്യാതി ശ്രീ എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
റോഡ് സുരക്ഷ, യാത്രക്കാര്‍ ദിവസേന അഭിമുഖീകരിക്കേണ്ടി വരുന്ന അപകടസാധ്യതകള്‍ എന്നിവയെക്കുറിച്ചാണ് പോസ്റ്റില്‍ ചോദിക്കുന്നത്. 'നിങ്ങള്‍ക്ക് റോഡ് ശരിയാക്കാന്‍ കഴിയില്ലെങ്കില്‍ നിരത്തില്‍ ടു വീലറുകള്‍ നിരോധിക്കൂ' എന്നാണ് പോസ്റ്റില്‍ പറയുന്നത്. അപകടത്തില്‍ പരിക്കേറ്റ സൗരഭ് പാണ്ഡെ പറയുന്നത്, സ്പീഡ് ബ്രേക്കര്‍ നിര്‍മ്മിച്ചത് ശരിയാകാത്തതും അത് അടയാളപ്പെടുത്താത്തതുമാണ് തനിക്ക് സംഭവിച്ച അപകടത്തിന്റെ കാരണം എന്നാണ്. വീഡിയോയില്‍, പാണ്ഡെ വേദനയോടെ ബെംഗളൂരുവിലെ റോഡിന്റെ മോശം അവസ്ഥയെ കുറിച്ച് പറയുന്നതും കാണാം. ബെംഗളൂരുവിലെ ഏത് റോഡും കുഴികള്‍ നിറഞ്ഞതാണ് എന്നാണ് യുവാവ് പറയുന്നത്. തന്റെ കാലിലും കൈയിലും ഗുരുതരമായ പരിക്കുകളാണ് അപകടത്തില്‍ പറ്റിയത് എന്നും പാണ്ഡെ വെളിപ്പെടുത്തി.
'നഗരത്തിലെ റോഡുകള്‍ നന്നാക്കാന്‍ എന്തെങ്കിലും ചെയ്യൂ, അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു' എന്നും യുവാവ് പറയുന്നത് കേള്‍ക്കാം. വളരെ പെട്ടെന്ന് തന്നെ സര്‍ജറി വേണ്ടി വന്ന അപകടാവസ്ഥയിലാണ് തന്റെ സുഹൃത്തിനെ ഈ റോഡിന്റെ ശോച്യാവസ്ഥ എത്തിച്ചത് എന്ന് പോസ്റ്റ് ഷെയര്‍ ചെയ്ത യുവതി പറഞ്ഞു. മാത്രമല്ല, പാണ്ഡെയുടെ വീട്ടുകാര്‍ക്ക് അദ്ദേഹത്തെ നോക്കാനായി മറ്റൊരു നാട്ടില്‍ നിന്നും ഇങ്ങോട്ട് വരേണ്ടി വന്നു. ആറ് മാസമാണ് യുവാവിന് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒപ്പം ആറ് ലക്ഷം രൂപ ആശുപത്രി ബില്ലായി എന്നും പറയുന്നു. ബെംഗളൂരുവിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സമയം അതിക്രമിച്ചതായി അനേകങ്ങളാണ് കമന്റ് നല്‍കിയത്.