-->
മധ്യപ്രദേശിലെ ഉജ്ജയിനില്‍ ജെസിബി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ പാമ്പിനെ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂെട രക്ഷിച്ചു. 80ഓളം തുന്നലുകള്‍ ഇടേണ്ടിവന്നു. വിക്രം നഗറിലെ വ്യവസായ മേഖലയില്‍ മണ്ണ് കുഴിക്കുന്നതിനിടെയാണ് മൂര്‍ഖന്‍ പാമ്പ് ജെസിബിക്ക് അടിയിലായത്.
ഗുരുതരമായി പരുക്കേറ്റ പാമ്പ് പതുകെ ഇഴഞ്ഞുനീങ്ങുന്നത് കണ്ട ചിലര്‍ പാമ്പിന് മുകളില്‍ മണ്ണിട്ട് മൂടാന്‍ ശ്രമിച്ചു. എന്നാല്‍ ചില മൃഗസ്‌നേഹികള്‍ സ്ഥലത്തെത്തുകയും പാമ്പിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഉദ്യാന്‍ മാര്‍ഗിലെ മൃഗാശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. തലയിലും പിന്‍ഭാഗത്തുമാണ് ഗുരുതരമായി പരുക്കേറ്റത്. ശരീരത്തില്‍ ചിലയിടങ്ങളില്‍ തൊലി പൂര്‍ണമായും ഇളകിയ അവസ്ഥയായിരുന്നു. അനസ്‌തേഷ്യ നല്‍കിയാണ് ശസ്ത്രക്രിയ നടത്തിയത്.
ആരോഗ്യനില മെച്ചപ്പെട്ടെന്നും പാമ്പിനെ രണ്ട് ദിവസത്തിനകം വനത്തിലേക്ക് തുറന്നുവിടുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രാജവെമ്പാല ഉള്‍പ്പെടുന്ന എലാപിഡെ ഇനത്തില്‍പ്പെട്ട പാമ്പാണ് മൂര്‍ഖന്‍. ഈര്‍പ്പമുള്ള ഉഷ്ണമേഖലയിലാണ് ഇവ കൂടുതലും കാണപ്പെടുന്നത്. കടിയേറ്റാല്‍ മനുഷ്യന്റെ നാഡീവ്യവസ്ഥയെയാണ് ബാധിക്കുന്നത്.