Friday, March 13, 2026 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 24 Nov 2025 02.07 PM

പ്രിയപ്പെട്ട വളര്‍ത്തുനായയെ കാണാനില്ല: 3 മാസങ്ങള്‍ക്കുശേഷം 1500 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി ഉടമ

china, man, find, missing, dog

മനുഷ്യനുമായി ഏറ്റവുമധികം ആത്മബന്ധം പുലര്‍ത്തുന്ന ജീവികളാണ് നായ്ക്കള്‍. പലരും കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് ഇവയെ കണക്കാക്കുന്നത്. നായ്ക്കളുടെ വിയോഗം പലപ്പോഴും ഉടമകളെ തളര്‍ത്തുന്നത് നാം കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ കാണാതായ വളര്‍ത്തുനായയെ ഉപേക്ഷിച്ചു കളയാന്‍ തയ്യാറാകാതിരുന്ന ഒരു മൃഗസ്‌നേഹിയുടെ കഥയാണ് ചൈനയില്‍ നിന്ന് പുറത്തു വരുന്നത്. ചൈനയില്‍ നിന്നുള്ള ഗാവോയ്ക്ക് നഷ്ടപ്പെട്ട ലാബ്രഡോറിനെ 1,500 കി.മീ. അകലെ നിന്ന് തിരികെ കിട്ടിയത് മൂന്നു മാസങ്ങള്‍ക്ക് ശേഷം. ഓഗസ്റ്റ് 13 ന് ഷാന്‍ഡോങ് പ്രവിശ്യയിലെ ക്വിംഗ്‌ഡോവിലുള്ള വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് സെപ്റ്റംബര്‍ എന്ന നായയെ കാണാതാവുന്നത്.

ഉടമയായ ഗാവോ, സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, സെപ്റ്റംബര്‍ മറ്റൊരു നായയുടെ ഉടമസ്ഥനോടൊപ്പം നടന്നുപോകുന്നത് കണ്ടു. പിന്നീട് സെപ്റ്റംബറിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. എന്നാല്‍ നായയെ ഉപേക്ഷിക്കാന്‍ ഗാവോ തയ്യാറായില്ല. അവര്‍ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങളും സാമൂഹിക മാധ്യമങ്ങളും നിരീക്ഷിച്ചു. സെപ്റ്റംബറിനെ അന്വേഷിച്ച് നഗരങ്ങള്‍ താണ്ടി യാത്ര ചെയ്തു. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ അവരുടെ പരിശ്രമം ഫലം കണ്ടു. ക്വിംഗ്‌ഡോവില്‍ നിന്ന് 1,500 കിലോമീറ്ററിലധികം അകലെയുള്ള ചാങ്ഷായില്‍ നിന്നുള്ള ഒരു വീഡിയോ അവരുടെ ശ്രദ്ധയില്‍പ്പെട്ടു.

പുലര്‍ച്ചെ 3 മണിക്ക് കനത്ത മഴയില്‍ ഒരു ലാബ്രഡോര്‍ അലഞ്ഞു തിരിയുന്നതായിരുന്നു ആ വീഡിയോ. ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത് ഷൗ എന്ന് പേരുള്ള ഒരു വനിതയായിരുന്നു. ഒരു വീഡിയോ കോളിലൂടെ ഗാവോ നായയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന്, പെറ്റ് റീലൊക്കേഷന്‍ സേവനം ഏര്‍പ്പെടുത്തി നായയെ തിരികെ വീട്ടിലെത്തിച്ചു. അവരുടെ പുനഃസമാഗമം അതീവ വൈകാരികമായിരുന്നു. ഇത്രയും നീണ്ട യാത്രയ്ക്ക് ശേഷവും സെപ്റ്റംബറിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ നായ ഇത്രയും ദൂരം സഞ്ചരിച്ചതിന്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. അവള്‍ക്ക് വഴി തെറ്റിയതാകാം, അല്ലെങ്കില്‍ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാം എന്നാണ് ഗാവോയുടെ ഊഹം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW