-->
സോഷ്യല്‍ മീഡിയയില്‍ രസരകമായ പല വീഡിയോകളും വൈറലാകാറുണ്ട്. ഇത്തരത്തില്‍ അടുത്തിടെയാണ് ഗോവയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. ഒരു നായ ഒരു കാറിന് കേടുപാടുകള്‍ വരുത്തുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. എന്നാല്‍, ഈ വീഡിയോ വൈറലായതോടെ നാളുകള്‍ നീണ്ടുനിന്ന ഒരു അന്വേഷണത്തിനാണ് ഒരു തുമ്പുണ്ടായിരിക്കുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇത് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ തങ്ങളുടെ ചിക്കു എന്ന നായയാണ് എന്ന് കണ്ടെത്തുകയായിരുന്നു നായയുടെ ഉടമ. അങ്ങനെ ഉടമയ്ക്ക് അവരുടെ നായയെ തിരികെ കിട്ടാന്‍ ഈ വൈറല്‍ വീഡിയോ കാരണമായിത്തീര്‍ന്നത്രെ.
ഈ മാസം ആദ്യമാണ് നായ ഒരു മാരുതി സുസുക്കി കാറിനെ ആക്രമിക്കുന്നതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കഴുത്തില്‍ കോളര്‍ കെട്ടിയ തവിട്ട് നിറമുള്ള നായയായിരുന്നു വീഡിയോയില്‍. അവന്‍ കാറിന്റെ മുന്‍വശത്തെ ബമ്പര്‍ കീറാന്‍ കഠിനമായി ശ്രമിക്കുന്നതാണ് വീഡിയോയില്‍ കാണാനുണ്ടായിരുന്നത്. കാറില്‍ നിന്നും നായ ഒരു എലിയെ പിടികൂടിയിരുന്നു. എന്നാല്‍, എലി ഓടിപ്പോയി. അതോടെയാണ് ദേഷ്യം വന്ന് നായ കാര്‍ ആക്രമിക്കാന്‍ തുടങ്ങിയത്.
വീഡിയോ വൈറലായി മാറിയതോടെ ആളുകള്‍ കമന്റുകളുമായി എത്തി. 'ഡോഗേഷ് ഭായ് എലിയെ പിടിച്ച് കാറിന്റെ ഉടമയെ മറ്റ് കേടുപാടുകളൊന്നും വരാതിരിക്കാന്‍ സഹായിക്കുകയായിരുന്നു' തുടങ്ങിയ കമന്റുകളാണ് പലരും നല്‍കിയത്. അതേസമയം തന്നെ അത് തങ്ങളുടെ കാണാതായ നായയാണ്, പേര് ചിക്കു എന്നാണ് എന്നും പറഞ്ഞ് ഗോവയില്‍ നിന്നുള്ള ഒരു കുടുംബം മുന്നോട്ട് വരികയായിരുന്നു. ഇന്‍ ഗോവയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 2025 ജനുവരി മുതല്‍ മാപുസയിലെ ഷെട്ടി വാഡോയില്‍ നിന്നാണ് ചിക്കു എന്ന നായയെ കാണാതായത്. ഇപ്പോള്‍ നായയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് നായയുടെ ഉടമയായ ശ്രദ്ധ. നായയെ കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശ്രദ്ധയും കുടുംബവും.