-->
ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യമാണ് വിവാഹം. നിരവധി ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമായാണ് ഓരോ വധുവരന്മാരും വിവാഹത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ ജീവിതം നാം ചിന്തിക്കുന്നതുപോലെ ആകണമെന്നില്ല അവിടെ അപ്രതീക്ഷിതമായ പലതും സംഭവിച്ചെന്നുവരും. ഇത്തരത്തില്‍ വിവാഹച്ചടങ്ങുകള്‍ പലതരത്തിലുള്ള സംഭവവികാസങ്ങളില്‍ കലാശിച്ച നിരവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ വിവാഹച്ചടങ്ങുകള്‍ക്ക് പിന്നാലെ വധു ഒളിച്ചോടിയ സംഭവമാണ് മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
മൂന്ന് മാസം മുമ്പാണ് സുനില്‍ കുമാറും പല്ലവിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. വിവാഹദിവസം എല്ലാ ചടങ്ങുകളും ഭംഗിയായി കഴിഞ്ഞു. വരന്‍ വധുവിന്റെ വീട്ടിലെത്തുന്ന ബറാത്ത് ചടങ്ങുകള്‍ക്കിടെ ദമ്പതികള്‍ പരസ്പരം മാലകള്‍ കൈമാറുകയും താലി ചാര്‍ത്തുകയും ചെയ്തു. രാത്രിയോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്. വധു വേദിയില്‍ വരനും ബന്ധുക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ നൃത്തം ചെയ്യുകയും ചെയ്തു. എന്നാല്‍, പിറ്റേന്ന് രാവിലെയുള്ള ചടങ്ങുകള്‍ക്കായി വരന്റെയും വധുവിന്റെയും കുടുംബാംഗങ്ങള്‍ ഒരുങ്ങി. എന്നാല്‍ അപ്പോഴാണ് വധു പല്ലവി മുറിയില്‍ ഇല്ലെന്ന് അവര്‍ മനസ്സിലാക്കിയത്.
ആദ്യം അവര്‍ അടുത്ത് മറ്റെവിടെങ്കിലും ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ മണിക്കൂറുകളോളം തിരഞ്ഞിട്ടും പല്ലവിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് എല്ലാവരും സമ്മര്‍ദത്തിലാകുകയും വരന്റെ കുടുംബം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ''ഡിജെ ഫ്‌ളോറില്‍ വരനോടൊപ്പം നൃത്തം ചെയ്തിരുന്ന വധു വിടവാങ്ങൽ ചടങ്ങിന് തൊട്ടുമുമ്പാണ് അപ്രത്യക്ഷയായത്. മാല കൈമാറി, ഏഴ് തവണ വലം വെച്ചു, വരന്‍ വധുവിന് സിന്ദൂരം ചാര്‍ത്തി. എന്നാല്‍ വിടവാങ്ങല്‍ ചടങ്ങിന് സമയമായപ്പോള്‍ വധുവിനെ കാണാതായി. വിവാഹ ഘോഷയാത്ര വധുവില്ലാതെയാണ് മടങ്ങിയത്. വിവാഹച്ചെലവിലേക്ക് വരന്‍ തന്റെ ഏക്കര്‍ കണക്കിന് ഭൂമി പണയം വെച്ച് പണം കടം മേടിച്ചിരുന്നു,'' എക്‌സില്‍ പങ്കുവെച്ച വീഡിയോയുടെ കാപ്ഷനില്‍ പറഞ്ഞു.
1.60 ലക്ഷം രൂപയ്ക്ക് ഭൂമി പണയം വെച്ചാണ് വരന്‍ വിവാഹച്ചെലവിലേക്ക് വേണ്ട തുക കണ്ടെത്തിയത്. വധുവിനുള്ള ആഭരണങ്ങള്‍ വാങ്ങാനും ഇതില്‍ നിന്ന് തുക ചെലവഴിച്ചു. ബറാത്ത് ചടങ്ങിനായി 11 വാഹനങ്ങളാണ് ബുക്ക് ചെയ്തത്.