-->
ജീവിതത്തില്‍ സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ നാം അത് ആഘോഷകരമാക്കാറുണ്ട്. എന്നാല്‍ ആ സന്തോഷം അതിരു കടന്നാല്‍ ഒരു പക്ഷേ ഈ ഡോക്ടറിന്റെ അവസ്ഥയുണ്ടായേക്കും. പറഞ്ഞുവരുന്നത് ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ ഡോ. അഫ്കര്‍ സിദ്ദിഖിനെക്കുറിച്ചാണ്. സന്തോഷം തോന്നിയപ്പോള്‍ അദ്ദേഹം ആശുപത്രിയിലെ ഡ്യൂട്ടി റൂമില്‍ തന്റെ പ്രതിശ്രുത വധുവിനൊപ്പം പാട്ടുപാടി നൃത്തം വച്ചു. പിന്നാലെ ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ഡോക്ടറോട് സര്‍ക്കാര്‍ വിശദീകരണ കുറിപ്പ് തേടുകയും ചെയ്തു.
ഡ്യൂട്ടി റൂമിനുള്ളില്‍ ബനിയവും പാന്റും ധരിച്ചാണ് ഡോ. അഫ്കര്‍ സിദ്ദിഖിയും പ്രതിശ്രുത വധുവും നൃത്തം ചെയ്തതത്. ഇരുവരും ഏറെ സന്തോഷത്തിലായിരുന്നുവെന്ന് അവരുടെ പ്രകടനത്തില്‍ നിന്നും വ്യക്തം. ആ സന്തോഷം അവരുടെ ചുവടുകള്‍ക്കും ഉണ്ടായിരുന്നു. രണ്‍വീര്‍ സിങ്ങിന്റെ ബാന്‍ഡ് ബാജാ ബരാത്ത് എന്ന സിനിമയിലെ ജനപ്രിയ ബോളിവുഡ് ഗാനമായ ദം ദമിന് ഇരുവരും ചുവട് വയ്ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി.
ഡോക്ടര്‍ തന്റെ പ്രതിശ്രുത വധുവുമായുള്ള വിവാഹനിശ്ചയത്തിന്റെ സന്തോഷത്തിലായിരുന്നുവെന്നും അപ്രതീക്ഷിതമായ നൃത്തമായിരുന്നു അതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, സംഭവം വൈറലായതിന് പിന്നാലെ ഔദ്യോഗിക നടപടിക്ക് കാരണമായി. ഡ്യൂട്ടി റൂമിനുള്ളില്‍ എന്തിനാണ് നൃത്തം ചെയ്തതെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഷംലിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ (സിഎംഒ) ഡോ. സിദ്ദിഖിക്ക് നോട്ടീസ് നല്‍കി.