-->
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ അഞ്ചു വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ ഡോ. ലളിതാംബികയ്ക്ക് എതിരേ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്. സംഭവത്തില്‍ ഡോക്ടര്‍ക്കും നഴ്‌സിനും ഉത്തരവാദിത്വമുണ്ടെന്ന് ആരോഗ്യമന്ത്രി. അന്വേഷണ വിദഗ്ദ്ധസമിതിയെ രൂപീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
ഉഷയുടെ കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കും. ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന് എങ്ങിനെ പറയാനാകുമെന്നും ചോദിച്ചു. ഒരിക്കലും സംഭവിക്കരുതാത്ത കാര്യമാണ് നടന്നത്. ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. ഡോക്ടറെ വീട്ടില്‍ പോയി കണ്ടതായി വീട്ടുകാരും പറയുന്നു. ഓപ്പറേഷന്‍ താന്‍ നടത്തിയിട്ടില്ലെന്ന് എങ്ങിനെ ഡോക്ടര്‍ക്ക് കൃത്യമായി ഓര്‍മ്മിക്കാന്‍ പറ്റുമെന്നും വീണാജോര്‍ജ്ജ് ചോദിച്ചു.
അഞ്ചുവര്‍ഷമല്ല അമ്പതുവര്‍ഷം കത്രിക വയറ്റില്‍ ഇരുന്നാലും ഒന്നും സംഭവിക്കില്ലെന്നും താനല്ല ഓപ്പറേഷന്‍ നടത്തിയതെന്നുമായിരുന്നു ഡോ. ലളിതാംബികയുടെ പ്രതികരണം. നേരത്തേ ഹര്‍ഷീനയുടെ കേസില്‍ പരാതി സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുക്കുകയും അവര്‍ക്ക് രണ്ടുലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പരാതി പോലീസിന് കൈമാറിയിട്ടുണ്ടെന്നും കേസ് നടക്കുന്നുണ്ടെന്നും പറഞ്ഞു.