-->
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തിന് സമീപം വന്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റില്‍. ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 350 കിലോഗ്രാം അമോണിയം നൈട്രേറ്റും രണ്ട് റൈഫിളുകളും കണ്ടെത്തിയത് ജമ്മു കശ്മീര്‍ പോലീസിന്റെ ഒരു സംഘമാണ്. ശ്രീനഗറില്‍ ജെയ്ഷ്-എ-മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ ഒട്ടിച്ച കേസില്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്ന് ഒരു കശ്മീരി ഡോക്ടറെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കകമാണ് ഈ കണ്ടെത്തല്‍.
ഡോ. ആദില്‍ അഹമ്മദ് റാത്തറിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ഫരീദാബാദിലെ ഈ ശേഖരം കണ്ടെത്താന്‍ സഹായിച്ചത്. ഈ സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും മുജമ്മില്‍ ഷക്കീല്‍ എന്ന മറ്റൊരു ഡോക്ടറുടെ പക്കലാണ് സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായ ഷക്കീല്‍ ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയാണ്. ഇയാള്‍ ഫരീദാബാദിലെ അല്‍-ഫലാഹ് ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. 350 കിലോ സ്‌ഫോടകവസ്തുക്കള്‍ക്കൊപ്പം ടൈമറുകളും കണ്ടെത്തിയതായി ഫരീദാബാദ് പോലീസ് കമ്മീഷണര്‍ സത്യേന്ദര്‍ കുമാര്‍ ഗുപ്ത പറഞ്ഞു. ആക്രമണത്തിന് ഉപയോഗിക്കുന്ന റൈഫിളുകളാണ് കണ്ടെത്തിയതെന്നും എന്നാല്‍ അത് എകെ-47 ശ്രേണിയിലുള്ളവയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 27-നാണ് കേസിന്റെ തുടക്കം. അന്നാണ് ശ്രീനഗറില്‍ ജെയ്ഷ്-എ-മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രാദേശിക പോലീസ് നടത്തിയ അന്വേഷണത്തില്‍ പോസ്റ്ററുകള്‍ ഒട്ടിക്കുന്നത് റാത്തര്‍ ആണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ വെച്ച് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ വരെ അനന്ത്‌നാഗ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്നയാളാണ് റാത്തര്‍ എന്ന് പോലീസ് കണ്ടെത്തി. പോലീസ് അനന്ത്‌നാഗിലെ ഇയാളുടെ ലോക്കര്‍ പരിശോധിച്ചപ്പോള്‍ ഒരു അസോള്‍ട്ട് റൈഫിള്‍ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫരീദാബാദില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്.
നേരത്തെ, ജമ്മു കശ്മീര്‍ പോലീസ് അനന്ത്‌നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ റാത്തറിന്റെ ലോക്കറില്‍ നിന്ന് ഒരു എകെ-47 റൈഫിളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു. ജമ്മു കശ്മീര്‍, ഹരിയാന പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റാത്തറിനെതിരെ നേരത്തെ ആയുധ നിയമപ്രകാരവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരവും (ഡഅജഅ) കേസെടുത്തിരുന്നു. ഈ ഡോക്ടറുടെ പങ്കാളിത്തം, ഭീകരശൃംഖലകള്‍ ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് വൃത്തങ്ങള്‍ പറയുന്നു.
ദേശീയ തലസ്ഥാനത്തിന് ഇത്രയടുത്ത് ഇത്രയധികം സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചതിന് പിന്നിലെ പദ്ധതി എന്തായിരുന്നു എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും, കൂടുതല്‍ വിവരങ്ങള്‍ക്കായി വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇത്രയധികം സ്‌ഫോടകവസ്തുക്കള്‍ തലസ്ഥാനത്തിന് ഇത്രയടുത്ത് എങ്ങനെ കണ്ടെത്താതെ നീക്കം ചെയ്തു എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളില്‍ ജെയ്ഷ്-എ-മുഹമ്മദിനെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്ററുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ശ്രീനഗര്‍ പോലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിനിടെ പോസ്റ്ററുകള്‍ ഒട്ടിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇയാളെ റാത്തര്‍ എന്ന് തിരിച്ചറിഞ്ഞു. ജമ്മു കശ്മീര്‍ പോലീസ് ഡോക്ടറെ സഹാറന്‍പൂരില്‍ നിന്ന് കണ്ടെത്തി കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു.