-->
വന്യമൃഗങ്ങളിലെ ഏറ്റവും ശക്തരായ വേട്ടക്കാരാണ് സിംഹങ്ങള്‍. അതിന്റെ രാജകീയമായ നില്‍പ്പും രൂപവും ശബ്ദവും കൊണ്ട് കാട്ടിലെ രാജാവ് എന്നാണ് സിംഹങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. സിംഹത്തെ ഭയത്തോടെയാണ് നാം കാണുന്നതെങ്കിലും പല രാജ്യങ്ങളിലും ഇതിനെ ഇണക്കി വളര്‍ത്താറുണ്ട്. ഇപ്പോഴിതാ സിംഹത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിംഹം കാറിന്റെ പിന്‍ സീറ്റില്‍ ഇരുന്ന് ഗ്ലാസിലൂടെ തല പുറത്തേയ്ക്കിട്ട് നോക്കുന്ന വീഡിയോയാണ് അത്.
ദുബായില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. പല ഗള്‍ഫ് രാജ്യങ്ങളിലും ഇത്തരത്തില്‍ സിംഹത്തിനെയും കടുവയെയും ചീറ്റയെയും വളര്‍ത്തുന്ന രീതിയുണ്ട്. കേരളത്തില്‍ പൂച്ചയെയും നായയെയും വളര്‍ത്തുന്ന പോലെയാണ് അവര്‍ അവിടെ സിംഹത്തെ വളര്‍ത്തുന്നത്. അതിനാല്‍ ഇതൊരു സാധാരണ കാഴ്ചയാണെന്ന് പലരും വീഡിയോയില്‍ കമന്റ് ചെയ്യുന്നു. വീഡിയോ എഐ ആണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
'ദുബായിലെ ഒരു സാധാരണ സായാഹ്നമാണിത്. ഒരു ആഡംബര കാറില്‍ സിംഹം ഇരിക്കുന്നത് വീഡിയോയില്‍ കാണാം. സിംഹത്തെ കണ്ട ആളുകള്‍ ഫോണില്‍ വീഡിയോ പകര്‍ത്തി. സിംഹം ശാന്തനായി ഈ രാജ്യത്തെ നഗരവിളക്കുകള്‍ നോക്കിയിരിക്കുന്നു' വീഡിയോയില്‍ കുറിച്ചു. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. 'ഇത് വ്യാജമാണ്, അത് തല ചലിപ്പിക്കുന്നത് കാണുമ്പോള്‍ മനസിലാകും', 'ഈ സിംഹം ആരെയെങ്കിലും ഉപദ്രവിച്ചാലോ?', 'ഇത് എഐ അല്ല, ദുബായിയില്‍ ഇങ്ങനെ നടക്കാറുണ്ട്' ഇങ്ങനെ പോകുന്നു കമന്റുകള്‍.