Thursday, March 12, 2026 Last Updated 23 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Nov 2025 02.17 PM

സൗജന്യമായി സാധനം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല: കടയ്ക്ക് തീയിട്ട് യുവാക്കള്‍, വൈറലായി വീഡിയോ

men, shop, fire

ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല അതിക്രമങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ മധ്യപ്രദേശില്‍ നിന്നും പുറത്തുവരുന്ന ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ സ്ഥിരം പറ്റുകാരായ രണ്ട് യുവാക്കള്‍ കടയ്ക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങളാണിത്. ഈ സമയം കടയില്‍ ഉണ്ടായിരുന്ന കടയുടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. യുവാക്കള്‍ ലഘുഭക്ഷണവും ഡിസ്‌പോസിബിള്‍ ഗ്ലാസുകളുമാണ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ കട ഉടമ ഇത് നിരസിച്ചതിലുള്ള ദേഷ്യത്തിലാണ് ഇവര്‍ കടയ്ക്ക് തീയിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോത്തി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ദിദൗണ്ട് ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോയില്‍ വീടിനോട് ചേര്‍ന്നുള്ള ഒരു ചെറിയ സ്‌റ്റേഷനറി കടയ്ക്ക് മുന്നില്‍ ഒരു യുവാവ് നില്‍ക്കുന്നത് കാണാം. അരുത് അരുത് എന്ന് ആരോ പറയുന്നതിന് പിന്നാലെ യുവാവ് തന്റെ കൈയിലിരുന്ന തീപ്പെട്ടി കൊള്ളി കത്തിച്ച് ഇടുന്നു. ഇതോടെ പ്രദേശത്താകെ തീ ആളിപ്പടരുന്നതും വീഡിയോയില്‍ കാണാം. കടയ്ക്കുള്ളിലേക്ക് തീ ആളിപ്പടരുമ്പോള്‍ മറ്റൊരു വഴിയിലൂടെ കാമറ മുന്നോട്ട് നീങ്ങുകയും കടയ്ക്ക് ഉള്ളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ തീ ആളിപ്പടരുന്നതും കാണാം.

വീണ്ടും കാമറ പുറത്തേക്ക് നീങ്ങുകയും കടയില്‍ തീ ആളിപ്പടരുന്ന ദൃശ്യങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. അല്പം കഴിഞ്ഞ പൊള്ളലേറ്റ് ആശുപത്രിയില്‍ കിടക്കുന്നവുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ആദ്യം കോത്തി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കടയുടമയെ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ നില ഗുരുതരമായതിനാല്‍ സത്‌ന ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കോത്തി പോലീസ് പ്രതികളായ ബച്ച ത്രിവേദിയ്ക്കും കൃഷ്ണ ത്രിവേദിയ്ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഇരുവരും കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുകയും പണം നല്‍കാതിരിക്കുകയും ചെയ്യുന്നത് പതിവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീണ്ടും ഇതേ ആവശ്യവുമായെത്തിയപ്പോഴാണ് കടയുടമ സാധനങ്ങള്‍ നല്‍കാന്‍ തയ്യാറാകാതിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഇവര്‍ കടയ്ക്ക് തീയിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW