-->
മുംബൈ: ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരമായി കണക്കാക്കപ്പെടുന്നു. പക്ഷേ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ഭാഗ്യമില്ലായിരുന്ന അദ്ദേഹത്തിന് കാലം കാത്തുവെച്ചത് ലോകകപ്പായിരുന്നു. 47 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഹര്‍മ്മന്‍പ്രീതും പെണ്‍കുട്ടികളും ഏകദിന ക്രിക്കറ്റിലെ ലോകകപ്പ് ഇന്ത്യന്‍ ഷോക്കേസിലേക്ക് എത്തിക്കുമ്പോള്‍ അതിലെ പരിശീലകനാകാനുള്ള നിയോഗം അമോല്‍ മസുംദാര്‍ എന്ന മുന്‍ മുംബൈ താരത്തിനായിരുന്നു.
ഒരു പക്ഷേ സച്ചിന്‍ തെന്‍ഡുല്‍ക്കറെ പോലെയോ രാഹുല്‍ദ്രാവിഡിനെ പോലെയോ ലോകം വാഴ്‌ത്തേണ്ടിയിരുന്ന ഈ മുന്‍ താരത്തിന് ഇരട്ടസെഞ്ച്വറി അടക്കം അനേകം നേട്ടങ്ങള്‍ ക്രിക്കറ്റില്‍ ഉണ്ടായിരുന്നിട്ടും ടീം ഇന്ത്യയുടെ നീല ജഴ്‌സി അണിയാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ കാലം അദ്ദേഹത്തിന് കാത്തുവെച്ചിരുന്നത് ശിഷ്യഗണങ്ങള്‍ക്കൊപ്പമുള്ള ഇന്ത്യന്‍ ടീമിന്റെ സുവര്‍ണ്ണ നേട്ടത്തിനായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ 10,000 അധികം റണ്‍സ് നേടിയിട്ടുള്ള അമോല്‍ മസുംദാര്‍ വനിതാടീമിനൊപ്പം ലോകകപ്പ് ജേതാവായി മാറിയിരിക്കുകയാണ്.
2023 ലായിരുന്നു അദ്ദേഹം ഇന്ത്യന്‍ വനിതാടീമിന്റെ ചുമതലയേറ്റത്. വലംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ മുംബൈയ്ക്കായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റത്തില്‍ ചരിത്രം സൃഷ്ടിച്ചു. ഇരട്ട സെഞ്ച്വറി നേടി. 1993/94 സീസണില്‍ അരങ്ങേറ്റം കുറിച്ച മുസുംദാര്‍ അരങ്ങേറ്റത്തില്‍ 260 റണ്‍സ് നേടി. തല്‍ഫലമായി ഇന്ത്യ എ ക്രിക്കറ്റ് ടീമിലും ഇടം നേടി. പക്ഷേ ഒരിക്കലും ഇന്ത്യന്‍ ടീമിലേക്ക് അദ്ദേഹത്തിന് ഒരു കോള്‍ അപ്പ് ലഭിച്ചില്ല. 171 മത്സരങ്ങളില്‍ നിന്ന് 11167 റണ്‍സ് നേടിയാണ് അദ്ദേഹം തന്റെ ഫസ്റ്റ് ക്ലാസ് കരിയര്‍ പൂര്‍ത്തിയാക്കിയത്. 48.13 ശരാശരിയില്‍ ബാറ്റ് ചെയ്ത മുസുംദാര്‍ 30 സെഞ്ച്വറിയും 60 അര്‍ദ്ധ സെഞ്ച്വറിയും നേടി.
മുംബൈ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന മുസുംദാര്‍. ഇന്ത്യന്‍ ടീമില്‍ തനിക്ക് ഒരിക്കലും കളിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം മനസ്സിലാക്കിയത് 2006 ലായിരുന്നു. ആ സീസണില്‍ മുംബൈയെ രഞ്ജി ട്രോഫി വിജയത്തിലേക്ക് നയിച്ചതും പിന്നീട് വെസ്റ്റ് സോണിനെ ദുലീപ് ട്രോഫി വിജയത്തിലേക്ക് നയിച്ചതും മുംബൈയെ ഏകദിന ചാമ്പ്യന്‍ഷിപ്പിലേക്കും (വിജയ് ഹസാരെ ട്രോഫി) നയിച്ചതും അദ്ദേഹമായിരുന്നു. ആ വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ എല്ലാം നേടിയെങ്കിലും ഇന്ത്യയുടെ നീലക്കുപ്പായം മാത്രം കിട്ടിയില്ല.
''എന്ത് ചെയ്താലും എനിക്ക് സെലക്ഷന്‍ ലഭിക്കാതിരിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ എനിക്ക് എന്നെത്തന്നെ പ്രചോദിപ്പിക്കേണ്ടി വന്നു, ആ സമയത്ത് നിങ്ങളുടെ മനസ്സില്‍ വന്നേക്കാവുന്ന കാര്യങ്ങളില്‍ നിന്ന് ഞാന്‍ എന്നെത്തന്നെ അകറ്റി നിര്‍ത്തേണ്ടിവന്നു, അതെല്ലാം ഞാന്‍ ഒഴിവാക്കി.'' അമോല്‍ പറഞ്ഞു. 113 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 3286 റണ്‍സ് അമോല്‍ നേടി. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ 3 സെഞ്ച്വറികളും 26 അര്‍ദ്ധ സെഞ്ച്വറികളും അദ്ദേഹം നേടി. 14 ടി20കള്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. അദ്ദേഹം ഒരിക്കലും ഐപിഎല്‍ കളിച്ചിട്ടില്ല. ഒരു പരിചയസമ്പന്നനായ പരിശീലകന്‍ കൂടിയാണ്. നെതര്‍ലാന്‍ഡ്സ് ക്രിക്കറ്റ് ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടുകളായി മുംബൈ ക്രിക്കറ്റ് ടീമിനെയും അമോല്‍ പരിശീലിപ്പിച്ചിട്ടുണ്ട്.