Tuesday, March 17, 2026 Last Updated 16 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 11.40 PM

ചിന്നസ്വാമിക്ക്‌ പച്ചക്കൊടി

uploads/news/2026/03/830561/sp2.jpg

ബംഗളുരു: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ മത്സരങ്ങള്‍ നടത്താന്‍ അനുമതി. കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധ സമിതി ഇന്നലെ സ്‌റ്റേഡിയം സന്ദര്‍ശിച്ചു പരിശോധിച്ച ശേഷമാണ്‌ അനുമതി നല്‍കിയത്‌.
അതോടെ 28 ലെ ഉദ്‌ഘാടന മത്സരം ഇവിടെ നടക്കുമെന്ന്‌ ഉറപ്പായി. നിലവിലെ ചാമ്പ്യനായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ്‌ ഉദ്‌ഘാടന മത്സരം. ഒരു പ്ലേ ഓഫ്‌ മത്സരവും ഫൈനലും ഇതേ വേദിയില്‍ നടത്തും. നിലവിലെ ചാമ്പ്യന്‍ തന്നെ ഫൈനല്‍ നടത്തുന്ന കീഴ്‌വഴക്കമാണ്‌ ഐ.പി.എല്ലിനുള്ളത്‌. ആഭ്യന്തര മന്ത്രി ജി. പരമേശ്വരയാണ്‌ വിദഗ്‌ധ സമിതിക്കു രൂപം നല്‍കിയത്‌. വെള്ളിയാഴ്‌ച സമിതി സ്‌റ്റേഡിയത്തിന്റെ മുക്കിലും മൂലയിലും പരിശോധന നടത്തി. ഇന്നലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ സമിതി ചെയര്‍മാന്‍ ജി. മഹേശ്വര്‍ റാവുവും സഹ അംഗങ്ങളും കര്‍ണാടക സംസ്‌ഥാന ക്രിക്കറ്റ്‌ അസോസിയേഷന്‍ അധികൃതരും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.
ആര്‍.സി.ബി. അധികൃതരും സ്‌ഥലത്തുണ്ടായിരുന്നു. ആര്‍.സി.ബിയുടെ അഞ്ച്‌ ഹോം മത്സരങ്ങള്‍ ഇവിടെയാണ്‌്. രണ്ട്‌ മത്സരങ്ങള്‍ റായ്‌പുരിലെ ഷഹീദ്‌ വീര്‍ നാരായണ്‍ സ്‌റ്റേഡിയത്തിലാണ്‌. ഛത്തീസ്‌ഗഡ്‌ സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ പ്രകാരമാണ്‌ സ്‌റ്റേഡിയം ലഭിച്ചത്‌. തിരക്ക്‌ നിയന്ത്രിക്കാന്‍ ക്രിക്കറ്റ്‌ അസോസിയേഷനും ആര്‍.സി.ബിയും ചേര്‍ന്ന്‌ ഡിജിറ്റല്‍ ക്യു.ആര്‍. കോഡുള്ള ടിക്കറ്റുകള്‍ പുറത്തിറക്കും. മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍ക്ക്‌ ബംഗളുരു മെട്രോ റെയില്‍ കോര്‍പറേഷന്റെ സഹായവും ലഭ്യമാക്കും.
മത്സരങ്ങളുള്ള ദിവസം മെട്രോ സര്‍വീസ്‌ പുലര്‍ച്ചെ ഒരു മണി വരെ നീട്ടും. മത്സരത്തിന്റെ ടിക്കറ്റ്‌ കൈവശമുള്ളവര്‍ക്ക്‌ മെട്രോയില്‍ യാത്ര സൗജന്യമാക്കും. തിരക്ക്‌ നിയന്ത്രിക്കാന്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള കുറയ്‌ക്കാനും തീരുമാനമായി. ആറ്‌ പുതിയ ഗേറ്റുകള്‍ കൂടി നിര്‍മിച്ച്‌ സ്‌റ്റേഡിയത്തിലേക്കു പ്രവേശിക്കുന്നത്‌ സുഗമമാക്കി.
നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമിയുടെ പഴയ കെട്ടിടവും പരിസരവും കാണികള്‍ക്കു വിശ്രമിക്കാനും മറ്റും ഉപയോഗിക്കും. പ്രധാന ഗേറ്റിലെ കബന്‍ റോഡില്‍ വാഹന ഗതാഗതം തടസമില്ലാതെയാക്കാന്‍ ബംഗളുരു പോലീസും ക്രിക്കറ്റ്‌ അസോസിയേഷനും സഹകരിച്ചള്ള പദ്ധതികള്‍ അന്തിമ ഘട്ടത്തിലാണ്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രമാണിച്ച്‌ ഐ.പി.എല്‍. രണ്ട്‌ ഘട്ടമായാണു നടത്തുക. ഉദ്‌ഘാടന മത്സരത്തിനു പുറമേ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഒരു മത്സരം കൂടിയുണ്ട്‌്. ഏപ്രില്‍ അഞ്ചിനു നടക്കുന്ന മത്സരത്തില്‍ ആര്‍.സി.ബി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ജൂണ്‍ മൂന്നിനു ചിന്നസ്വാമി സ്‌റ്റേഡിയത്തിനു മുന്നില്‍ നടന്ന ആര്‍.സി.ബിയുടെ കന്നിക്കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചിരുന്നു. തുടര്‍ന്നാണ്‌ സര്‍ക്കാര്‍ സ്‌റ്റേഡിയത്തിനു വിലക്കേര്‍പ്പെടുത്തിയത്‌. ഇന്ത്യയുടെ മുന്‍ പേസര്‍ വെങ്കടേഷ്‌ പ്രസാദ്‌ ക്രിക്കറ്റ്‌ അസോസിയേഷന്റെ തലപ്പത്തെത്തിയതോടെയാണ്‌ വിലക്ക്‌ മാറ്റാനുള്ള നടപടി തുടങ്ങിയത്‌. ചിന്നസ്വാമി സ്‌റ്റേഡിയം വൈകാതെ ഐ.പി.എല്‍. ഫ്രാഞ്ചൈസിക്കു കൈമാറും. ആര്‍.സി.ബി. ടിക്കറ്റ്‌ വില്‍പ്പന വൈകാതെ തുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്‌.

Ads by Google
Monday 16 Mar 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW